Asianet News MalayalamAsianet News Malayalam

ബാബര്‍ അസമിന് കനത്ത തിരിച്ചടി! ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ആദ്യ പത്തില്‍ നിന്ന് പുറത്ത്, സ്മിത്തിന് നേട്ടം

ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാമതെത്തി. ഇതോടെ ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക് അഞ്ചാം സ്ഥാനത്തേക്ക് വീണു.

babar azam lost his position in icc test ranking after poor form
Author
First Published Sep 4, 2024, 11:20 PM IST | Last Updated Sep 4, 2024, 11:20 PM IST

ദുബൈ: മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന് ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ തിരിച്ചടി. 2019 ഡിസംബറിന് ശേഷം അസം ആദ്യമായി ടെസ്റ്റ് റാങ്കിംഗില്‍ ആദ്യ പത്തില്‍ നിന്ന് പുറത്തായി. ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ നാല് ഇന്നിംഗ്സുകളില്‍ നിന്ന് 64 റണ്‍സ് മാത്രമാണ് അസമിന് നേടാനായത്. ഇതുതന്നെയാണ് തിരിച്ചടിക്ക് കാരണവും. 2022 ഡിസംബറിന് ശേഷം ഒരു സെഞ്ചുറി പോലും താരത്തിന് നേടാന്‍ സാധിച്ചിട്ടില്ല. മാത്രമല്ല അര്‍ധ സെഞ്ചുറിയില്ലാതെ 16 ഇന്നിംഗ്‌സുകളും ബാബര്‍ പിന്നിട്ടു. നിലവില്‍ 12-ാം സ്ഥാനത്താക്ക് ബാബര്‍. 922 പോയിന്റുമായി ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് ബാറ്റിംഗ് ചാര്‍ട്ടില്‍ ഒന്നാമത്. ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസണ്‍ രണ്ടാമതും. സഹതാരം ഡാരില്‍ മിച്ചല്‍ മൂന്നാമതുണ്ട്. 

ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാമതെത്തി. ഇതോടെ ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക് അഞ്ചാം സ്ഥാനത്തേക്ക് വീണു. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആറാം സ്ഥാനത്ത് തുടരുന്നു. യശസ്വി ജയ്സ്വാളും വിരാട് കോഹ്ലിയും തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഉസ്മാന്‍ ഖവാജ ഒമ്പതാം സ്ഥാനത്തും മുഹമ്മദ് റിസ്വാന്‍ പത്താം സ്ഥാനത്തുമുണ്ട്. ബംഗ്ലാദേശിനോട് തോറ്റതോടെ പാകിസ്ഥാന്‍ ഏഴ് ടെസ്റ്റില്‍ രണ്ട് ജയവും അഞ്ച് തോല്‍വിയും അടക്കം 16 പോയിന്റും 19.05 വിജയശതമാനവുമായി എട്ടാമതാണ്. 

ബ്രൂട്ടല്‍ ഹിറ്റിംഗ്! ട്രാവിസ് ഹെഡ്ഡിന്റെ അക്കൗണ്ടില്‍ പുതിയ ടി20 റെക്കോര്‍ഡ്; നേട്ടം ഓസീസിനും

ബംഗ്ലാദേശ് നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ആറ് മത്സരങ്ങളില്‍ മൂന്ന് ജയവും മൂന്ന് തോല്‍വിയുമുള്ള ബംഗ്ലാദേശ് 33 പോയന്റും 45.83 വിജശതമാനവുമായാണ് ഇംഗ്ലണ്ടിനെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ആറ് ടെസ്റ്റില്‍ മൂന്ന് ജയവും മൂന്ന് തോല്‍വിയുമുള്ള ന്യൂസിലന്‍ഡ് 36 പോയന്റും 50 വിജയശതമാനവുമായി മൂന്നാം സ്ഥാനത്താണ്. 12 ടെസ്റ്റുകളില്‍ എട്ട് ജയവും ഒരു സമനിലയും മൂന്ന് തോല്‍വിയുമുള്ള ഓസ്‌ട്രേലിയ 90 പോയന്റും 62.50 വിജയശതമാനവുമായി രണ്ടാം സ്ഥാനത്തുണ്ട്. ഒമ്പത് ടെസ്റ്റുകളില്‍ ആറ് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയും അടക്കം 74 പോയന്റും 68.52 വിജയശതമാനവുമായി ഇന്ത്യ തന്നെയാണ് ഒന്നാമത്.

Latest Videos
Follow Us:
Download App:
  • android
  • ios