ബ്രൂട്ടല്‍ ഹിറ്റിംഗ്! ട്രാവിസ് ഹെഡ്ഡിന്റെ അക്കൗണ്ടില്‍ പുതിയ ടി20 റെക്കോര്‍ഡ്; നേട്ടം ഓസീസിനും
ഓസ്‌ട്രേലിയന്‍ ടീമിനും അവകാശപ്പെടാന്‍ ഒരു റെക്കോര്‍ഡുണ്ട്. പവര്‍ പ്ലേയില്‍ 113 റണ്‍സാണ് ഓസീസ് അടിച്ചെടുത്തത്.
എഡിന്‍ബര്‍ഗ്: സ്‌കോട്‌ലന്‍ഡിനെതിരെ ആദ്യ ടി20യില്‍ റെക്കോര്‍ഡിട്ട് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡ്. ടി20 ചരിത്രത്തില്‍ പവര്‍ പ്ലേയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡാണ് ഹെഡിന് സ്വന്തമായത്. പവര്‍ പ്ലേയില്‍ മാത്രം 73 റണ്‍സാണ് ഹെഡ് നേടിയത്. 2020ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 67 റണ്‍സ് നേടിയ പോള്‍ സ്റ്റിര്‍ലിങ്ങിന്റെ പേരിലുള്ള റെക്കോര്‍ഡാണ് ഹെഡ് മറികടന്നത്. മത്സരത്തിലൊന്നാകെ 25 പന്തില്‍ 80 റണ്‍സ് നേടിയ ട്രാവിസ് ഹെഡ്ഡാണ് ഓസ്‌ട്രേലിയയുടെ വിജയം എളുപ്പമാക്കിയതും.
ഓസ്‌ട്രേലിയന്‍ ടീമിനും അവകാശപ്പെടാന്‍ ഒരു റെക്കോര്‍ഡുണ്ട്. പവര്‍ പ്ലേയില്‍ 113 റണ്‍സാണ് ഓസീസ് അടിച്ചെടുത്തത്. ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ പവര്‍ പ്ലേയില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ കൂടിയാണിത്. ഒന്നാമത്തേത് ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നേടിയ 125 റണ്‍സാണ്. മൂന്നാമത് വരുന്നതും കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് തന്നെ അവര്‍ നേടിയ 107 ആണ്. മൂന്നിലും ഹെഡ് നല്‍കിയ തുടക്കമാണ് നിര്‍ണായകമായത്.
അതേസമയം, സ്‌കോട്‌ലന്‍ഡിനെതിരെ ഏഴ് വിക്കറ്റിന്റെ ജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. എഡിന്‍ബര്‍ഗ്, ഗ്രേഞ്ച് ക്രിക്കറ്റ് ക്ലബില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സ്‌കോട്‌ലന്‍ഡ് 155 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. സീന്‍ അബോട്ട് മൂന്ന് വിക്കറ്റ് നേടി. മറുപടി ബാറ്റിംഗില്‍ ഓസ്‌ട്രേലിയ 9.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഹെഡിന് പുറമെ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് 12 പന്തില്‍ 39 റണ്‍സ് നേടി.
ആദ്യ ഓവറില്‍ തന്നെ ജേക്ക് ഫ്രേസര്‍ മക്ഗുര്‍ഗിനെ (0) ഓസ്‌ട്രേലിയക്ക് നഷ്ടമായെങ്കിലും ഹെഡ് - മാര്‍ഷ് സഖ്യത്തിന്റെ വെടിക്കെട്ട് ഓസ്‌ട്രേലിയക്ക് അനായാസ ജയമൊരുക്കുകയായിരുന്നു. ഇരുവരും 113 റണ്‍സാണ് കൂട്ടിചര്‍ത്തത്. ഏഴാം ഏഴാം ഓവറിലാണ് ഇരുവരും പുറത്താവുന്നത്. മാര്‍ഷിനെ ആദ്യം മാര്‍ക്ക് വാട്ട് മടക്കി. മൂന്ന് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മാര്‍ഷിന്റെ ഇന്നിംഗ്‌സ്. അതേ ഓവറിലെ അവസാന പന്തില്‍ ഹെഡ്ഡും മടങ്ങി. അഞ്ച് സിക്‌സും 12 ഫോറും ഹെഡ്ഡിന്റെ ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നു. ജോഷ് ഇന്‍ഗ്ലിസ് (27), മാര്‍കസ് സ്‌റ്റോയിന് (8) പുറത്താവാതെ നിന്നു.
നേരത്തെ ഓസ്‌ട്രേലിയക്ക് വേണ്ടി അബോട്ടിന് പുറമെ സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, ആഡം സാംപ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 28 റണ്‍സെടുത്ത ജോര്‍ജ് മുന്‍സിയാണ് സ്‌കോട്‌ലന്‍ഡിന്റെ ടോപ് സ്‌കോറര്‍. മാത്യു ക്രോസ് (27), ബെറിംഗ്ടണ്‍ (23) എന്നിവരാണ് 20നപ്പുറം കടന്ന മറ്റുതാരങ്ങള്‍. ഒല്ലി ഹൈര്‍സ് (6), ബ്രന്‍ഡന്‍ മക്മല്ലന്‍ (19), മൈക്കല്‍ ലീസ്‌ക് (7), മാര്‍ക് വാറ്റ് (16), ജാക്ക് ജാര്‍വിസ് (10), ചാര്‍ലി കാസെല്‍ (1) എന്നിവരും പുറത്തായി. ജാസ്പര്‍ ഡേവിഡ്‌സണ്‍ (3), വീല്‍ (8) എന്നിവര്‍ പുറത്താവാതെ നിന്നു.