കോലിയുടെ വാക്കുകള്‍ പ്രചോദിപ്പിച്ചു! ഇന്ത്യന്‍ ഇതിഹാസവുമായുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കി ബാബര്‍ അസം
ബാബറിനെ പ്രശംസിച്ച് കോലിയും രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ കോലിയെ കുറിച്ച് സംസാരിക്കുകയാണ് ബാബര്‍. കോലിയുടെ വാക്കുകള്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാറുണ്ടെന്നാണ് ബാബര്‍ പറയുന്നത്.

കൊളംബൊ: ആധുനിക ക്രിക്കറ്റില്‍ ഏറ്റവും മികച്ച താരങ്ങളാണ് ഇന്ത്യന്‍ സീനിയര്‍ താരം വിരാട് കോലിയും പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമും. ഏഷ്യാ കപ്പില്‍ ഇരുവരും ശനിയാഴ്ച്ച നേര്‍ക്കുനേര്‍ വരാനിരിക്കുകയാണ്. അന്നാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ - പാകിസ്ഥാന്‍ മത്സരം. ഇതുവരെ ഏഴ് തവണ ഇരുവരും നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. പരസ്പരം സൗഹൃദം സൂക്ഷിക്കുന്നവരാണ്. കോലി മോശം സമയത്തിലൂടെ കടന്നുപോയപ്പോഴെല്ലാം പിന്തുണച്ചിട്ടുണ്ട് ബാബര്‍.
പിന്നാലെ ബാബറിനെ പ്രശംസിച്ച് കോലിയും രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ കോലിയെ കുറിച്ച് സംസാരിക്കുകയാണ് ബാബര്‍. കോലിയുടെ വാക്കുകള്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാറുണ്ടെന്നാണ് ബാബര്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''എന്നെ കുറിച്ച് കോലി സംസാരിച്ചപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയിരുന്നു. ഞാനതില്‍ അഭിമാനിച്ചിരുന്നു. ചില കാര്യങ്ങളും പ്രശംസകളും എന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കാറുണ്ട്.'' ബാബര്‍ വ്യക്തമാക്കി.
കോലി ഒരിക്കല്‍ ബാബറിനെ എല്ലാ ഫോര്‍മാറ്റിലേയും മികച്ച ബാറ്ററെന്ന് പറഞ്ഞിരുന്നു. ഇക്കാര്യത്തെ കുറിച്ചാണ് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഇപ്പോള്‍ തുറന്നു സംസാരിച്ചത്. 2019ല്‍ ലോകകപ്പിനിടെ നേരിട്ട കണ്ട കാര്യവും ബാബര്‍ സംസാരിച്ചു. ''കഴിഞ്ഞ ലോകകപ്പിനിടെ ഞാന്‍ അദ്ദേഹത്തെ നേരിട്ട് കണ്ടിരുന്നു. അന്ന് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഫോമിലായിരുന്നു കോലി. ഇപ്പോഴും അങ്ങനെതന്നെ. അദ്ദേഹത്തില്‍ നിന്ന് എന്തെങ്കിലും പഠിക്കാനാണ് ഞാന്‍ ശ്രമിച്ചത്. ഏറെ പഠിക്കാനുണ്ട്. ഞാന്‍ അദ്ദേഹത്തോട് ചില കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കി. അദ്ദേഹം വളരെ നന്നായി തന്നെ എനിക്ക് വിശദീകരിച്ചുതന്നു.'' പാകിസ്ഥാന്‍ ക്യാപ്റ്റന്‍ പറഞ്ഞു.
ഏഷ്യാ കപ്പില്‍ മികച്ച തുടക്കമാണ് ബാബറിന് ലഭിച്ചത്. നേപ്പാളിനെതിരെ ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയ അദ്ദേഹം ടീമിനെ വിജയത്തിലേക്ക് നയിച്ചിരുന്നു. ശനിയാഴ്ച്ച ഇന്ത്യക്കെതിരെ ഇറങ്ങുമ്പോള്‍ ആ ഫോം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് ബാബര്‍.
ലോകകപ്പിന് ശേഷവും ഇന്ത്യന്‍ മണ്ണില്‍ ക്രിക്കറ്റ് ആവേശം! ടൂര്‍ണമെന്റിന്റെ ഭാഗമാവുക ഇതിഹാസങ്ങള്‍