ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ സെമി കാണാതെ പാകിസ്ഥാന്‍ ദയനീയമായി പുറത്തായതിന് പിന്നാലെയാണ് ബാബര്‍ അസമിന്‍റെ ക്യാപ്റ്റന്‍സി തെറിച്ചത്
സിഡ്‌നി: നിലവില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച ബാറ്റര്‍ എന്നാണ് ബാബര്‍ അസം വിശേഷിപ്പിക്കപ്പെടുന്നത്. ക്യാപ്റ്റന്‍റെ ഭാരം തലയില്‍ നിന്ന് ഒഴിഞ്ഞിട്ടും എന്നാല്‍ ബാബറിന് ബാറ്റിംഗ് താളം വീണ്ടെടുക്കാനാവുന്നില്ല. ഓസ്ട്രേലിയക്ക് എതിരായ മൂന്ന് ടെസ്റ്റുകളിലെ ബാബറിന്‍റെ സ്കോറുകള്‍ അദേഹത്തിന്‍റെ ആരാധകര്‍ക്ക് താങ്ങാനാവുന്നത് അല്ല.
ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ സെമി കാണാതെ പാകിസ്ഥാന്‍ ദയനീയമായി പുറത്തായതിന് പിന്നാലെയാണ് ബാബര്‍ അസമിന്‍റെ ക്യാപ്റ്റന്‍സി തെറിച്ചത്. ലോകകപ്പില്‍ ബാറ്റ് കൊണ്ട് പാകിസ്ഥാനെ നയിക്കാന്‍ ബാബറിനായില്ല. ബാബര്‍ പുറത്തായതോടെ ടെസ്റ്റില്‍ ഷാന്‍ മസൂദിനെ ക്യാപ്റ്റന്‍റെ തൊപ്പി പാക് ബോര്‍ഡ‍് ഏല്‍പിച്ചു. ഇതോടെ വലിയ തലവേദനയൊഴിഞ്ഞ ബാബര്‍ അസം ഫോമിലേക്ക് മടങ്ങിയെത്തും എന്നായിരുന്നു പ്രതീക്ഷകള്‍. എന്നാല്‍ ഓസ്ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ച് ഇന്നിംഗ്‌സുകളില്‍ 21(54), 14(37), 1(7), 41(79), 26(40) എന്നിങ്ങനെയാണ് ബാബറിന്‍റെ സ്കോറുകള്‍. അഞ്ച് ഇന്നിംഗ്‌സുകളില്‍ 20.6 ശരാശരിയില്‍ ആകെ നേടിയ റണ്‍സ് 103 മാത്രം. സിഡ്‌നി ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്‌സില്‍ സ്റ്റൈലന്‍ കവര്‍ഡ്രൈവുകളുമായി മികച്ച തുടക്കം നേടിയ ശേഷമായിരുന്നു ബാബറിന്‍റെ മടക്കം.
ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും പാകിസ്ഥാനായി തിളങ്ങുന്ന താരം എന്ന വിശേഷണം ബാബര്‍ അസമിനുണ്ടായിരുന്നു. ഇരുപത്തിയൊമ്പ് വയസുകാരനായ ബാബര്‍ അസമിന് 52 ടെസ്റ്റില്‍ 46.13 ശരാശരിയില്‍ 3875 റണ്‍സാണ് സമ്പാദ്യമായുള്ളത്. ക്രിക്കറ്റിന്‍റെ വലിയ ഫോര്‍മാറ്റില്‍ 9 സെഞ്ചുറികള്‍ പേരിലുണ്ട്. 117 ഏകദിനങ്ങളില്‍ 19 സെഞ്ചുറികളോടെ 5729 റണ്‍സും 104 രാജ്യാന്തര ട്വന്‍റി 20കളില്‍ 3 ശതകത്തോടെ 3485 റണ്‍സും ബാബറിനുണ്ട്. ഏകദിനത്തില്‍ 56.72 ഉം ടി20യില്‍ 41.49 ഉം ആണ് ബാബര്‍ അസമിന്‍റെ ബാറ്റിംഗ് ശരാശരി.
