മുപ്പത് ട്വന്‍റി 20 സ്പെഷ്യലിസ്റ്റുകളെയാണ് ഐപിഎല്‍ 2024 സീസണിനിടെ ലോകകപ്പ് പദ്ധതികളുടെ ഭാഗമായി ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി നിരീക്ഷിക്കുക

മുംബൈ: 2024ലെ ട്വന്‍റി 20 ലോകകപ്പിനായി 30 താരങ്ങളുടെ പേരുകള്‍ ബിസിസിഐ പരിഗണിക്കും എന്ന് റിപ്പോര്‍ട്ട്. വരുന്ന ഐപിഎല്‍ സീസണിനിടെ മുപ്പത് ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം സെലക്ടര്‍മാര്‍ നിരീക്ഷിക്കും. നിലവില്‍ ഇന്ത്യന്‍ ട്വന്‍റി 20 ടീമിലില്ലെങ്കിലും മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ഈ പട്ടികയില്‍ ഇടംപിടിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ്മ, വിരാട് കോലി എന്നിവരെ ലോകകപ്പില്‍ കളിപ്പിക്കണമോ എന്ന നിര്‍ണായക തീരുമാനം താരങ്ങളുമായി ചര്‍ച്ച ചെയ്ത ശേഷം സെലക്ടര്‍മാര്‍ കൈക്കൊള്ളും. 

യുവതാരങ്ങള്‍ക്ക് കുശാല്‍

മുപ്പത് ട്വന്‍റി 20 സ്പെഷ്യലിസ്റ്റുകളെയാണ് ഐപിഎല്‍ 2024 സീസണിനിടെ ലോകകപ്പ് പദ്ധതികളുടെ ഭാഗമായി ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി നിരീക്ഷിക്കുക എന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ട്. പരിക്ക് പറ്റിയാല്‍ പകരക്കാരെ ഉപയോഗിക്കാന്‍ ഓരോ സ്ഥാനത്തേക്കും രണ്ട് താരങ്ങളെ വീതമാണ് പരിഗണിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യയുടെ നായകത്വത്തിലുള്ള ടീമാണോ അതോ രോഹിത് ശര്‍മ്മ ക്യാപ്റ്റന്‍റെ തൊപ്പിയണിഞ്ഞ് മടങ്ങിയെത്തുമോ എന്ന് വ്യക്തമല്ല. വിക്കറ്റ് കീപ്പര്‍ ബാറ്ററായോ സ്പെഷ്യലിസ്റ്റ് ബാറ്ററായോ സഞ്ജു സാംസണെ പരിഗണിക്കാമെന്നിരിക്കേ താരത്തിന്‍റെ ഐപിഎല്‍ 2024 പ്രകടനം നിര്‍ണായകമാകും. ഐപിഎല്ലില്‍ തകര്‍ത്തടിച്ചാല്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജുവിനെ പരിഗണിക്കാതിരിക്കാനാവില്ല എന്ന് വ്യക്തം. ഐപിഎല്ലിലൂടെ യുവ താരങ്ങള്‍ക്ക് ദേശീയ ടീമിലേക്ക് പേരുകള്‍ വച്ചുനീട്ടാനുള്ള അവസരവും തെളിയും. 

രോഹിത്, കോലി?

അഫ്ഗാനിസ്ഥാനെതിരായ ജനുവരി 11നാരംഭിക്കുന്ന മൂന്ന് ട്വന്‍റി 20കളുടെ പരമ്പരയ്ക്കുള്ള സ്ക്വാഡിനെ തെരഞ്ഞെടുക്കാന്‍ തലപുകയ്ക്കുകയാണ് അജിത് അഗാര്‍ക്കര്‍ അധ്യക്ഷനായ ബിസിസിഐയുടെ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി. ട്വന്‍റി 20 ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ ടീമിന്‍റെ അവസാന ടി20 പരമ്പരയാണ് അഫ്ഗാനെതിരെ നടക്കുന്നത്. ജൂണില്‍ നടക്കുന്ന ലോകകപ്പില്‍ കളിക്കണമെന്ന ആഗ്രഹം സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ്മയും വിരാട് കോലിയും ഇതിനകം പ്രകടിപ്പിച്ചതായാണ് സൂചന. 2022 നവംബറില്‍ ട്വന്‍റി 20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിന് തോറ്റ് പുറത്തായ ശേഷം രോഹിത്തും കോലിയും കുട്ടിക്രിക്കറ്റിന്‍റെ ഫോര്‍മാറ്റില്‍ ദേശീയ കുപ്പായം അണിഞ്ഞിട്ടില്ല. അഫ്ഗാനെതിരായ സ്ക്വാഡ് പ്രഖ്യാപനത്തിന് മുമ്പ് രോഹിത്തും കോലിയുമായി സെലക്ടര്‍മാര്‍ സംസാരിക്കും. ഇരുവരെയും പരമ്പരയില്‍ കളിപ്പിക്കുമോ എന്ന കാര്യം വ്യക്തമല്ല. 

Read more: നാണംകെടാതിരിക്കാന്‍ ഇന്ത്യ; രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം, ടീമില്‍ വന്‍ മാറ്റമുറപ്പ്, മത്സരം കാണാനുള്ള വഴി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം