ദുബായ്: ഐസിസിയുടെ പുതിയ ടി20 റാങ്കിങ്ങില്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇംഗ്ലണ്ട്- പാകിസ്ഥാന്‍ ടി20 പരമ്പര അവസാനിച്ച സാഹചര്യത്തിലാണ് പുതിയ റാങ്കിങ് പുറത്തുവിട്ടത്. മൂന്ന് മത്സരങ്ങളുടെ പരമ്പര സമനിലയില്‍ അവസാനിച്ചിരുന്നു. ആദ്യമത്സരം മഴയെടുത്തപ്പോള്‍ ശേഷിക്കുന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ വിജയം വീതം നേടുകയായിരുന്നു. രണ്ടാം മത്സരത്തില്‍ അസം അര്‍ധ സെഞ്ചുറി നേടിയിരുന്നു. എന്നാല്‍ ഇന്നലെ നടന്ന അവസാന ടി20യില്‍ താരത്തിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല.

869 പോയിന്റാണ് അസമിനുള്ളത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുല്‍ 824 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ക്യാപ്റ്റന്‍ വിരാട് കോലിയാണ് പട്ടികയിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. പത്താം സ്ഥാനത്താണ് കോലി. ഇഗ്ലണ്ട് താരം ഡേവിഡ് മലാനാണ് ആദ്യ പത്തില്‍ നേട്ടമുണ്ടാക്കിയ ഏകതാരം. ആറാം സ്ഥാനത്ത് നിന്ന് ഒരുപടി കയറിയ മലാന്‍ അഞ്ചാമതെത്തി. ഓസീസ് താരം ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് താഴോട്ടിറങ്ങിയത്.

ഇംഗ്ലണ്ടിന്റെ യുവഓപ്പണര്‍ 43ാം റാങ്കിലെത്തി. 152 സ്ഥാനങ്ങള്‍ മറികടന്നാണ് ബാന്റണ്‍ ആദ്യ 50ലെത്തിയത്. ഇംഗ്ലണ്ട്- പാക് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മുഹമ്മദ് ഹഫീസ് 44ാം സ്ഥാനത്തുണ്ട്.

മറ്റുതാരങ്ങളുടെ റാങ്കില്‍ മാറ്റമൊന്നും വന്നിട്ടില്ല. 3. ആരോണ്‍ ഫിഞ്ച് (ഓസ്‌ട്രേലിയ), 4. കോളിന്‍ മണ്‍റോ (ന്യൂസിലന്‍ഡ്), 7. ഓയിന്‍ മോര്‍ഗന്‍ (7), 8. ഹസ്രത്തുള്ള സസൈ (അഫ്ഗാനിസ്ഥാന്‍), 9. എവിന്‍ ല്യൂയിസ് (വെസ്റ്റ് ഇന്‍ഡീസ്) എന്നിങ്ങനെയാണ് മറ്റുള്ള താരങ്ങളുടെ റാങ്കുകള്‍.