ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ടീമിന്‍റെ പ്രകടനം മെച്ചപ്പെടുത്താനും ഫൈനൽ പ്രതീക്ഷകൾ നിലനിർത്താനുമാണ് സെലക്ടർമാർ ബാബറിനെ വീണ്ടും അമരത്തേക്ക് കൊണ്ടുവരുന്നത്.
ലാഹോർ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ കനത്ത തിരിച്ചടികൾക്ക് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൽ വൻ അഴിച്ചുപണി. മോശം ഫോമും തുടർച്ചയായ പരാജയങ്ങളും നേരിടുന്ന ഷാൻ മസൂദിനെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കി. സൂപ്പർ താരം ബാബർ അസമിനെ പാകിസ്ഥാൻ വീണ്ടും ടെസ്റ്റ് ടീമിന്‍റെ നായകനായി പ്രഖ്യാപിച്ചു. വരാനിരിക്കുന്ന വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചുകൊണ്ട് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പാക് സെലക്ഷൻ കമ്മിറ്റി നിർണായക തീരുമാനമെടുത്തത്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ടീമിന്‍റെ പ്രകടനം മെച്ചപ്പെടുത്താനും ഫൈനൽ പ്രതീക്ഷകൾ നിലനിർത്താനുമാണ് സെലക്ടർമാർ ബാബറിനെ വീണ്ടും ക്യാപ്റ്റനാക്കിയത്. ഷാൻ മസൂദിന് കീഴിൽ കളിച്ച 16 ടെസ്റ്റുകളിൽ 12 എണ്ണത്തിലും പാകിസ്ഥാൻ പരാജയപ്പെട്ടിരുന്നു. ടെസ്റ്റ് ക്രിക്കറ്റിന്‍റെന്റെ ചരിത്രത്തിൽ തന്റെ ആദ്യ 16 മത്സരങ്ങളിൽ 12 എണ്ണത്തിലും തോൽവി വഴങ്ങുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോർഡും മസൂദ് സ്വന്തം പേരിൽ കുറിച്ചു.
ബംഗ്ലാദേശിനെതിരായ കഴിഞ്ഞ പരമ്പരയിലേറ്റ 2-0 ത്തിന്റെ വൈറ്റ്‌വാഷും മസൂദിന്‍റെ കസേര തെറിപ്പിച്ചു. നിലവിൽ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് പാകിസ്ഥാൻ. സീനിയർ താരങ്ങളായ ഷഹീൻ ഷാ അഫ്രീദി, ഹസൻ അലി എന്നിവരെ ഒഴിവാക്കിയാണ് സെലക്ടർമാർ പുതിയ സ്ക്വാഡ് പ്രഖ്യാപിച്ചത്. ടീമിലേക്ക് യുവതാരങ്ങളെ ഉള്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായി അലി ഉസ്മാൻ (ഇടംകൈയൻ സ്പിന്നർ), മുഹമ്മദ് അവൈസ് സഫർ (ബാറ്റർ), ഉബൈദ് ഷാ (ഫാസ്റ്റ് ബൗളർ - സൂപ്പർ താരം നസീം ഷായുടെ അനിയൻ), മുഹമ്മദ് ഗാസി ഘോരി (വിക്കറ്റ് കീപ്പർ ബാറ്റർ) എന്നിവരാണ് പുതുമുഖങ്ങള്‍. ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ടീമിൽ മധ്യനിര ബാറ്റർ സൗദ് ഷക്കീലിനെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഫിറ്റ്‌നസ് ടെസ്റ്റ് പാസായാൽ മാത്രമേ അദ്ദേഹത്തിന് കളിക്കാനാകൂ. ജൂലൈ 25 മുതൽ ഓഗസ്റ്റ് 6 വരെയാണ് പാകിസ്ഥാന്റെ വെസ്റ്റ് ഇൻഡീസ് പര്യടനം. രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് ഈ പരമ്പരയിലുള്ളത്. ഇതിനുശേഷം ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ 13 വരെ ഇംഗ്ലണ്ടിൽ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയും പാകിസ്ഥാൻ കളിക്കും.
വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കുള്ള 16 അംഗ ടീം: ബാബർ അസം (ക്യാപ്റ്റൻ), ആമിർ ജമാൽ, അബ്ദുള്ള ഫസൽ, അലി ഉസ്മാൻ, അസാൻ അവൈസ്, ഇമാം ഉൾ ഹഖ്, ഖുറം ഷഹ്സാദ്, മുഹമ്മദ് അബ്ബാസ്, മുഹമ്മദ് അലി, മുഹമ്മദ് റിസ്വാൻ, മുഹമ്മദ് അവൈസ് സഫർ, മുഹമ്മദ് ഗാസി ഘോരി, സാജിദ് ഖാൻ, സൽമാൻ അലി ആഘ, ഷാൻ മസൂദ്, ഉബൈദ് ഷാ.
ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള 17 അംഗ ടീം: ബാബർ അസം (ക്യാപ്റ്റൻ), ആമിർ ജമാൽ, അബ്ദുള്ള ഫസൽ, അലി ഉസ്മാൻ, അസാൻ അവൈസ്, ഇമാം ഉൾ ഹഖ്, ഖുറം ഷഹ്സാദ്, മുഹമ്മദ് അബ്ബാസ്, മുഹമ്മദ് അലി, മുഹമ്മദ് റിസ്വാൻ, മുഹമ്മദ് അവൈസ് സഫർ, മുഹമ്മദ് ഗാസി ഘോരി, സാജിദ് ഖാൻ, സൽമാൻ അലി ആഘ, സൗദ് ഷക്കീൽ (ഫിറ്റ്‌നസിന് വിധേയം), ഷാൻ മസൂദ്, ഉബൈദ് ഷാ.
