Asianet News MalayalamAsianet News Malayalam

ബാബര്‍ മാത്രം പൊരുതി; ന്യൂസിലന്‍ഡ‍ിന് എതിരെ പാകിസ്ഥാന് 79 റണ്‍സിന്‍റെ തോല്‍വി

മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ബാബര്‍-റിസ്‌വാന്‍ സഖ്യം 20-ാം ഓവറില്‍ പിരിഞ്ഞതോടെ പാകിസ്ഥാന്‍ പ്രതിരോധത്തിലായിരുന്നു

Babar Azam scored fifty but Pakistan lose to New Zealand in 2nd ODI by 79 runs
Author
First Published Jan 11, 2023, 10:39 PM IST

കറാച്ചി: ന്യൂസിലന്‍ഡിന് എതിരായ രണ്ടാം ഏകദിനത്തില്‍ പാകിസ്ഥാന് തോല്‍വി. നായകന്‍ ബാബര്‍ അസമിന്‍റെ അര്‍ധ സെഞ്ചുറിക്കിടയിലും 79 റണ്‍സിന്‍റെ തോല്‍വിയാണ് പാക് ടീം നേരിട്ടത്. ന്യൂസിലന്‍ഡ് മുന്നോട്ടുവെച്ച 262 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്ഥാന്‍ 43 ഓവറില്‍ 182 റണ്‍സില്‍ എല്ലാവരും പുറത്തായി. ബാബര്‍ 114 പന്തില്‍ 79 റണ്‍സെടുത്തു. ജയത്തോടെ ന്യൂസിലന്‍ഡ് പരമ്പരയില്‍ 1-1ന് ഒപ്പമെത്തി. ആദ്യ ഏകദിനം പാകിസ്ഥാന്‍ ആറ് വിക്കറ്റിന് വിജയിച്ചതിനാല്‍ 13-ാം തിയതി കറാച്ചിയില്‍ നടക്കുന്ന മൂന്നാം മത്സരം പരമ്പര വിജയികളെ നിശ്ചയിക്കും.

മറുപടി ബാറ്റിംഗില്‍ 3.3 ഓവറിനിടെ പാകിസ്ഥാന് ഓപ്പണര്‍മാരെ നഷ്‌ടമായിരുന്നു. ഏഴ് പന്തില്‍ അക്കൗണ്ട് തുറക്കാതെ ഫഖര്‍ സമാന്‍, സൗത്തിക്കും 12 റണ്‍സില്‍ ആറ് റണ്‍സുമായി ഇമാം ഉള്‍ ഹഖ്, ഫെര്‍ഗ്യൂസനുമാണ് വിക്കറ്റ് സമ്മാനിച്ചത്. മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ബാബര്‍-റിസ്‌വാന്‍ സഖ്യം 20-ാം ഓവറില്‍ പിരിഞ്ഞതോടെ പാകിസ്ഥാന്‍ പ്രതിരോധത്തിലായി. 50 പന്തില്‍ 28 റണ്‍സുമായി മുഹമ്മദ് റിസ്‌വാനും 21 പന്തില്‍ 10 റണ്‍സുമായി ഹാരിസ് സൊഹൈലും 22 പന്തില്‍ 25 റണ്‍സുമായി ആഗാ സല്‍മാനും 5 പന്തില്‍ 3 റണ്‍സുമായി മുഹമ്മദ് നവാസും 9 പന്തില്‍ 12 റണ്‍സുമായി മുഹമ്മദ് വസീം ജൂനിയറും പുറത്തായി. 114 പന്തില്‍ 79 റണ്‍സെടുത്ത ബാബറിനെ ലാഥം സ്റ്റംപ്‌ ചെയ്തു. 43-ാം ഓവറിലെ അവസാന പന്തില്‍ ഹാരിസ് റൗഫ് പുറത്തായതോടെ പാകിസ്ഥാന്‍ ഇന്നിംഗ്‌സ് അവസാനിച്ചു. സൗത്തിയും സോഥിയും രണ്ട് വീതവും ഫെര്‍ഗ്യൂസനും സാന്‍റ്‌നറും ബ്രേസ്‌വെല്ലും ഫിലിപ്‌സും ഓരോ വിക്കറ്റും നേടി. 

കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത കിവികള്‍ 49.5 ഓവറില്‍ 261 റണ്‍സില്‍ പുറത്തായി. കോണ്‍വേ 92 പന്തില്‍ 101 ഉം വില്യംസണ്‍ 100 പന്തില്‍ 85 ഉം റണ്‍സ് നേടി. എട്ടാമനായി ക്രീസിലെത്തി 40 പന്തില്‍ 37 റണ്‍സെടുത്ത മിച്ചല്‍ സാന്‍റ്‌നറാണ് കിവികളെ 250 കടത്തിയത്. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലന്‍ഡിന് ഇന്നിംഗ്‌സിലെ അഞ്ചാം പന്തില്‍ ആദ്യ വിക്കറ്റ് നഷ്‌ടമായിരുന്നു. നസീം ഷായുടെ പന്തില്‍ ഒരു റണ്‍ നേടിയ ഫിന്‍ അലനെ മുഹമ്മദ് നവാസ് ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ 181 റണ്‍സിന്‍റെ കൂട്ടുകെട്ടുമായി ദേവോണ്‍ കോണ്‍വേയും കെയ്‌ന്‍ വില്യംസണും ന്യൂസിലന്‍ഡിനെ കരകയറ്റി. ഇരുവരുടേയും കൂട്ടുകെട്ട് മുപ്പതാം ഓവറിലെ അവസാന പന്ത് വരെ നീണ്ടു. സെഞ്ചുറി നേടിയ കോണ്‍വേയെ(92 പന്തില്‍ 101) നസീം ഷാ ബൗള്‍ഡാക്കുകയായിരുന്നു. 

ഡാരില്‍ മിച്ചല്‍(7 പന്തില്‍ 5), ടോം ലാഥം(3 പന്തില്‍ 2) എന്നിവര്‍ പിന്നാലെ അതിവേഗം പുറത്തായതോടെ ന്യൂസിലന്‍ഡ് 183-2 എന്ന നിലയില്‍ നിന്ന് 198-4 എന്ന അവസ്ഥയിലേക്കായി. പിന്നാലെ ക്യാപ്റ്റന്‍ കെയ്‌ന്‍ വില്യംസണ്‍ സെഞ്ചുറിയിലെത്താതെ പുറത്താവുകയും ചെയ്‌തു. അര്‍ധ സെഞ്ചുറിയുമായി കുതിക്കുകയായിരുന്ന നായകന്‍ കെയ്‌ന്‍ വില്യംസണെ 100 പന്തില്‍ 85 റണ്‍സെടുത്ത് നില്‍ക്കേ നവാസ് ബൗള്‍ഡാക്കി. ഗ്ലെന്‍ ഫിലിപ്‌സ്(8 പന്തില്‍ 3), മൈക്കല്‍ ബ്രേസ്‌വെല്‍(14 പന്തില്‍ 8) എന്നിവരും അതിവേഗം മടങ്ങിയതോടെ ന്യൂസിലന്‍ഡ് പ്രതിരോധത്തിലായി. വാലറ്റത്ത് മിച്ചല്‍ സാന്‍റ്‌നര്‍ നടത്തിയ പോരാട്ടമാണ് കിവികളെ 250 കടത്തിയത്. സാന്‍റ്‌നര്‍ 40 പന്തില്‍ 37 റണ്‍സെടുത്ത് റണ്ണൗട്ടായതോടെ ന്യൂസിലന്‍ഡ് ഇന്നിംഗ്‌സ് അവസാനിച്ചു. ഇഷ്‌ സോധി(22 പന്തില്‍ 7), ടിം സൗത്തി(4 പന്തില്‍ 0), ലോക്കീ ഫെര്‍ഗ്യൂസണ്‍(5 പന്തില്‍ 0*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോര്‍. പാകിസ്ഥാനായി മുഹമ്മദ് നവാസ് നാലും നസീം ഷാ മൂന്നും ഹാരിസ് റൗഫും ഉസാമ മിറും ഓരോ വിക്കറ്റും സ്വന്തമാക്കി. 

ജോഫ്ര ആര്‍ച്ചറുടെ തിരിച്ചുവരവ് മാനസികമായ വെല്ലുവിളിയും മറികടന്ന്; പ്രശംസിച്ച് സഹീര്‍ ഖാന്‍

Follow Us:
Download App:
  • android
  • ios