ഇസ്ലാമാബാദ്: പാക് ക്രിക്കറ്റ് താരം ബാബര്‍ അസം വിവാഹ വാഗ്ദാനം നല്‍കി പത്ത് വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി യുവതി രംഗത്ത്. ബാബര്‍ പാക് ക്രിക്കറ്റ് ടീമില്‍ എത്തുന്നതിന് മുന്‍പ് ബാബറിന്‍റെ എല്ലാ ചിലവും താനാണ് വഹിച്ചതെന്നും യുവതി അവകാശപ്പെട്ടു. 2010 ലാണ് ബാബര്‍ തന്നെ കാണുന്നതും വിവാഹ അഭ്യര്‍ത്ഥന നടത്തിയതും എന്ന് യുവതി പറയുന്നു. 

പിന്നീട് ഇവര്‍ തമ്മില്‍ അടുത്തു. ഒരു ഘട്ടത്തില്‍ യുവതി ഗര്‍ഭിണിയായി എന്നറിഞ്ഞതോടെ ബാബര്‍ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന് യുവതി പറയുന്നു. 

'ബാബര്‍ ക്രിക്കറ്റില്‍ ഒന്നും അല്ലാതിരുന്ന കാലത്തെ അയാളെ അറിയാം, അയാള്‍ പാവപ്പെട്ട ഒരു കുടുംബത്തില്‍ നിന്നാണ് വരുന്നത്. എനിക്ക് നീതി കിട്ടാന്‍ എല്ലാ സഹോദരി സഹോദരന്മാരും സഹായിക്കണം. എനിക്ക് ഉണ്ടായ പോലെ ഒരു അനുഭവം ഒരു പെണ്‍കുട്ടിക്കും ഉണ്ടാകരുത്. ഞാനും ബാബറും ഒരേ കോളനിയിലാണ് ജീവിച്ചത്, ഞങ്ങള്‍ പലപ്പോഴും ഒന്നിച്ചായിരുന്നു" -യുവതി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

2010 ല്‍ ബാബര്‍ എന്‍റെ സ്കൂള്‍ സുഹൃത്തായിരുന്നു. അന്ന് തന്നെ അയാള്‍ എന്നോട് പ്രേമാഭ്യര്‍ത്ഥന നടത്തി. പിന്നീട് ഞങ്ങളുടെ ബന്ധം നന്നായി പോയി, ഞങ്ങള്‍ വിവാഹിതരാകാന്‍ തിരുമാനിച്ചു, എന്നാല്‍ ഞങ്ങളുടെ കുടുംബങ്ങള്‍ സമ്മതിച്ചില്ല. പിന്നീട് ഞങ്ങള്‍ നിയമപരമായ വിവാഹം നടത്താം എന്ന് തീരുമാനിച്ചു, 2011 ല്‍ ഞാന്‍ ബാബറിനൊപ്പം ഒളിച്ചോടി, ഒരു വാടക വീട്ടില്‍ താമസമാക്കി. അന്നെല്ലാം വിവാഹം കഴിക്കാന്‍ ഞാന്‍ നിര്‍ബന്ധിച്ചെങ്കിലും, വിവാഹത്തിന് പറ്റിയ സമയം അല്ലെന്നും. സമയം ആകുമ്പോള്‍ വിവാഹം കഴിക്കാം എന്നുമായിരുന്നു ബാബറിന്‍റെ മറുപടി. 

ഗര്‍ഭിണിയായപ്പോള്‍ സുഹൃത്തുക്കളുടെ സഹായത്തോടെ എന്നെ അബോര്‍ഷന്‍ ചെയ്തു. 2017 ല്‍ ബാബറിനെതിരെ ഞാന്‍ പരാതി നല്‍കി. ബാബറിന്‍റെ വധ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് - യുവതി പറയുന്നു. എന്നാല്‍ ആരോപണത്തില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. ഇപ്പോള്‍ ന്യൂസിലാന്‍റ് പാര്യടനം നടത്തുന്ന ടീമിനൊപ്പമാണ് 26 വയസുകാരനായ ബാബര്‍ ഇപ്പോള്‍.