ഇപ്പോള്‍ താരതമ്യത്തെ കുറിച്ച സംംസാരിക്കുകയാണ് പാകിസ്ഥാന്‍ ക്യാപ്റ്റന്‍. കോലിയുമായി താരതമ്യം ചെയ്യുന്നത് അഭിമാനമായിട്ടാണ് കരുതുന്നതെന്ന് അസം പറഞ്ഞു. 

ഇസ്ലാമാബാദ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമായി എപ്പോഴും താരതമ്യം ചെയ്യപ്പെടുന്ന താരമാണ് പാകിസ്ഥാന്റെ ബാബര്‍ അസം. ഇങ്ങനെയൊരു താരതമ്യത്തിന് സമയമായില്ലെന്നും ക്രിക്കറ്റ് പണ്ഡിതര്‍ പറയാറുണ്ട്. ഇപ്പോള്‍ താരതമ്യത്തെ കുറിച്ച സംംസാരിക്കുകയാണ് പാകിസ്ഥാന്‍ ക്യാപ്റ്റന്‍. കോലിയുമായി താരതമ്യം ചെയ്യുന്നത് അഭിമാനമായിട്ടാണ് കരുതുന്നതെന്ന് അസം പറഞ്ഞു.

കോലിയുമായി താരതമ്യം ചെയ്യുമ്പോള്‍ സമ്മര്‍ദ്ദമൊന്നും തോന്നാറില്ലെന്ന് പറഞ്ഞാണ് അസം തുടങ്ങിയത്. ''കോലിയുമായി താരതമ്യം ചെയ്യുമ്പോള്‍ അഭിമാനമാണ് തോന്നാറ്. ഏത് സാഹചര്യത്തിലും മികവ് പുലര്‍ത്തുന്ന താരമാണ് കോലി. അദ്ദേഹം കളിക്കുന്നത് പോലെ കളിക്കാനും ടീമിനെ ജയങ്ങളിലേക്ക് എത്തിക്കാനും എനിക്കും അവസരമുണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്. താരതമ്യങ്ങളുടെ ആവശ്യമില്ലെന്ന് പറയുമ്പോഴും ആളുകള്‍ അത് ചെയ്തുകൊണ്ടിരിക്കും. എന്നാല്‍ അതിലെനിക്ക് സമ്മര്‍ദ്ദമൊന്നും തോന്നാറില്ല. അഭിമാനം മാത്രമുള്ളൂ.

കാരണം അത്രയും വലിയ താരവുമായിട്ടാണ് അവര്‍ താരതമ്യം ചെയ്യുന്നത്. എന്റെ കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്തി കളിക്കാനാണ് ഞാന്‍ ശ്രമിക്കുക. മറ്റു താരങ്ങള്‍ക്കൊപ്പം എന്റെ പേരും ചേര്‍ത്തുവായിക്കുന്നത് സുഖമുള്ള കാര്യമാണ്.'' അസം പറഞ്ഞു.

ഏകദിന റാങ്കിങ്ങില്‍ ഒന്നാമതുള്ള താരമാണ് അസം. ടി20 റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തും ടെസ്റ്റ് താരങ്ങളുടെ പട്ടികയില്‍ 10-ാം സ്ഥാനത്തും പാക് ക്യാപ്റ്റനുണ്ട്.