ഇംഗ്ലണ്ടിനെതിരായ മുള്‍ട്ടാൻ ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാനായി കമ്രാന്‍ ഗുലാം സെഞ്ചുറി നേടിയിരുന്നു.
മുള്‍ട്ടാൻ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറിയുമായി അരങ്ങേറി പാകിസ്ഥാന്‍റെ രക്ഷകനായി അവതരിച്ച കമ്രാന്‍ ഖുലാമിനെ പാക് താരം ഹാരിസ് റൗഫ് മുഖത്തടിക്കുന്ന വീഡിയോ വീഡിയോ വീണ്ടും വൈറല്‍. മുള്‍ട്ടാനില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ബാബര്‍ അസമിന്‍റെ പകരക്കാരനായാണ് കമ്രാന്‍ ഖുലാം അരങ്ങേറിയത്. ബാബര്‍ തുടര്‍ച്ചയായി 17 ഇന്നിംഗ്സില്‍ ഒരു അര്‍ധസെഞ്ചുറി പോലും നേടാനാവാതെ ഫോം ഔട്ടായതോടൊണ് ബാബറിനെ പുറത്താക്കി നാലാം നമ്പറില്‍ കമ്രാന്‍ ഖുലാമിനെ പാക് സെലക്ടര്‍മാര്‍ പരീക്ഷിച്ചത്.
അരങ്ങേറ്റ ടെസ്റ്റില്‍ 224 പന്തില്‍ 118 റണ്‍സടിച്ച കമ്രാന്‍ ഖുലാം പ്രതീക്ഷ കാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ലാഹോര്‍ ക്യുലാന്‍ഡേഴ്സ് താരമായിരുന്ന കമ്രാന്‍ ഖുലാമിനെ സഹതാരമായിരുന്ന ഹാരിസ് റൗഫ് വിക്കറ്റ് ആഘോഷത്തിനിടെ പിടിച്ചു തള്ളി മുഖത്തടിക്കുന്ന വീഡിയോ വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായത്. 2022ല്‍ പെഷവാര്‍ സാല്‍മിക്കെതിരായ മത്സരത്തില്‍ ലാഹോര്‍ ക്യുലാന്‍ഡേഴ്സിനായാണ് ഹാരിസ് റൗഫും കമ്രാൻ ഖുലാമും കളിച്ചത്. മത്സരത്തില്‍ വിക്കറ്റെടുത്തശേഷം ഓടിയെത്തി ഹാരിസ് റൗഫിനെ അഭിനന്ദിക്കുമ്പോഴാണ് അപ്രതീക്ഷിതമായി റൗഫ് കമ്രാനെ പിടിച്ചുതള്ളി മുഖത്തടിക്കുന്നത്.
അപ്രതീക്ഷിത അടിയില്‍ പതറാതിരുന്ന കമ്രാന്‍ റൗഫിനെ ദേഹത്ത് തട്ടി അഭിനന്ദിക്കുകയും ചെയ്തു. റൗഫിന്‍റെ അടി അന്ന് ആരാധകര്‍ കാര്യമാക്കിയില്ലെങ്കിലും ഇപ്പോള്‍ ബാബറിന്‍റെ പകരക്കാരനായി ഇറങ്ങി സെഞ്ചുറി അടിച്ചതോടെയാണ് വീണ്ടും ആരാധകര്‍ ചര്‍ച്ചയാക്കിയത്. വൈറ്റ് ബോളില് മാത്രം ശ്രദ്ധിക്കുന്ന ഹാരിസ് റൗഫ് പാകിസ്ഥാന്‍റെ ടെസ്റ്റ് ടീമിലില്ല.
