Asianet News MalayalamAsianet News Malayalam

ഓള്‍റൗണ്ട് പ്രകടനം! ഗുജറാത്തിനെ പച്ചയ്ക്ക് വിഴുങ്ങി ചെന്നൈ; ചാംപ്യന്മാര്‍ക്ക് തുടര്‍ച്ചയായ രണ്ടാം ജയം

അഹമ്മദാബാദിന് വേണ്ടി സായ് സുദര്‍ശന്‍ (31 പന്തില്‍ 37) മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. മൂന്നാം ഓവറില്‍ ശുഭ്മാന്‍ ഗില്ലിന്റെ (8) വിക്കറ്റ് നഷ്ടമായി.

back to back win for csk after they crushed gujarat titans
Author
First Published Mar 26, 2024, 11:32 PM IST

ചെന്നൈ: ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ജയം. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍  63 റണ്‍സിനായിരുന്നു ചെന്നൈയുടെ ജയം. എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് നേടിയത്. ശിവം ദുെബ (51), റുതുരാജ് ഗെയ്കവാദ് (46), രചിന്‍ രവീന്ദ്ര (46) എന്നിവരുടെ ഇന്നിംഗ്‌സാണ് ചെന്നൈയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. റാഷിദ് ഖാന്‍ രണ്ട് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗില്‍ ഗുജറാത്തിന് 8 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനാണ് സാധിച്ചത്. ദീപക് ചാഹര്‍, തുഷാര്‍ ദേശ്പാണ്ഡെ, മുസ്തഫിസുര്‍ റഹ്‌മാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

അഹമ്മദാബാദിന് വേണ്ടി സായ് സുദര്‍ശന്‍ (31 പന്തില്‍ 37) മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. മൂന്നാം ഓവറില്‍ ശുഭ്മാന്‍ ഗില്ലിന്റെ (8) വിക്കറ്റ് നഷ്ടമായി. വൈകാതെ വൃദ്ധിമാന്‍ സാഹയും (21). തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ ഗുജറാത്തിന് ആയതുമില്ല. സായിക്ക് പിന്നാലെ വിജയ് ശങ്കര്‍ (12), ഡേവിഡ് മില്ലര്‍ (21), അസ്മതുള്ള ഓമര്‍സായ് (11), രാഹുല്‍ തെവാട്ടിയ (6), റാഷിദ് ഖാന്‍ (1) എന്നിവര്‍ക്കും കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. ഉമേഷ് യാദവ് (10), സ്പെന്‍സര്‍ ജോണ്‍സണ്‍ (5) പുറത്താവാതെ നിന്നു.

ചെന്നൈയില്‍ ഗെയ്കവാദ് പൂജ്യത്തില്‍ നില്‍ക്കെ സ്ലിപ്പില്‍ നല്‍കിയ അവസരം സ്ലിപ്പില്‍ സായ് കിഷോര്‍ വിട്ടുകളയുന്നത് കണ്ടാണ് മത്സരം തുടങ്ങിയത്. പിന്നീട് ഒന്നാം വിക്കറ്റില്‍ രചിന്‍ - ഗെയ്കവാദ് സഖ്യം 62 റണ്‍സ് ചേര്‍ത്തു. രചിന്‍ പവര്‍പ്ലേ നന്നായി മുതലാക്കി. ആറാം ഓവറില്‍ രചിന്‍ മടങ്ങി. റാഷിദിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സ്റ്റംപ് ചെയ്താണ് രചിനെ പുറത്താക്കിയത്. 20 പന്തില്‍ മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രചിന്റെ ഇന്നിംഗ്‌സ്. മൂന്നാമനായി കളിച്ച അജിന്‍ക്യ രഹാനെയ്ക്ക് (12) തിളങ്ങാനായില്ല. 

13-ാം ഓവറില്‍ ഗെയ്കവാദിനെ സ്‌പെന്‍സര്‍ ജോണ്‍സണ്‍ പുറത്താക്കി. 36 പന്തുകള്‍ നേരിട്ട ഗെയ്കവാദ് ഒരു സിക്‌സും അഞ്ച് ഫോറും നേടി. ഇതോടെ മൂന്നിന് 127 എന്ന നിലയിലായി ചെന്നൈ. പിന്നീടായിരുന്നു ദുബെയുടെ വെടിക്കെട്ട്. നേരിട്ട ആദ്യ രണ്ട് പന്തും സിക്‌സടിച്ചാണ് ദുബെ തുടങ്ങിയത്. ഡാരില്‍ മിച്ചലിനൊപ്പം (20 പന്തില്‍ 24) 57 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും ദുംബെയ്ക്കായി. 19-ാം ഓവറില്‍ ദുബെ മടങ്ങി. 23 പന്തില്‍ അഞ്ച് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെയാണ് താരം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 

സഞ്ജുവിനെ പിന്നിലാക്കാന്‍ റുതുരാജ് ഇത്തിരികൂടി മൂക്കണം! റെക്കോര്‍ഡ് ഇപ്പോഴും മലയാളി താരത്തിന്റെ പോക്കറ്റില്‍

പിന്നീടെത്തിയ സമീര്‍ റിസ്വി, റാഷിദ് ഖാനെതിരെ രണ്ട് സിക്‌സ് ഉള്‍പ്പെടെ 14 റണ്‍സ് നേടി. 6 പന്തില്‍ 14 റണ്‍സെടുത്ത താരം സ്‌കോര്‍ 200 കടത്താന്‍ സഹായിച്ചു. മിച്ചല്‍ അവസാന പന്തില്‍ റണ്ണൗട്ടായി രവീന്ദ്ര ജഡേജ (മൂന്ന് പന്തില്‍ 7) പുറത്താവാതെ നിന്നു. മുംബൈ ഇന്നിംഗ്‌സിനെതിരെ കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ഗുജറാത്ത് ഇറങ്ങിയത്. ചെന്നൈ ഒരു മാറ്റം വരുത്തി. മഹീഷ് തീക്ഷണയ്ക്ക് പകരം മതീഷ പതിരാന ടീമില്‍ തിരിച്ചെത്തി.

Follow Us:
Download App:
  • android
  • ios