Asianet News MalayalamAsianet News Malayalam

ആന്റിഗ്വ ടെസ്റ്റ്: ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് മോശം തുടക്കം

ഇന്ത്യക്കെതിരെ ആദ്യ ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് മോശം തുടക്കം. ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് സ്‌കോറായ 297നെതിരെ വിന്‍ഡീസ് ചായയ്ക്ക് പിരിയുമ്പോള്‍ മൂന്നിന് 82 എന്ന നിലയിലാണ്.

Bad start for West Indies vs India in Antigua Test
Author
Antigua, First Published Aug 24, 2019, 12:17 AM IST

ആന്റ്വിഗ്വ: ഇന്ത്യക്കെതിരെ ആദ്യ ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് മോശം തുടക്കം. ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് സ്‌കോറായ 297നെതിരെ വിന്‍ഡീസ് ചായയ്ക്ക് പിരിയുമ്പോള്‍ മൂന്നിന് 82 എന്ന നിലയിലാണ്. ഡാരന്‍ ബ്രാവോ (18), റോസ്റ്റണ്‍ ചേസ് (10) എന്നിവരാണ് ക്രീസില്‍. മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ജോണ്‍ ക്യാംബെല്ലിന്റെ വിക്കറ്റാണ് വിന്‍ഡീസിന് ആദ്യം നഷ്ടമായത്. 23 റണ്‍സെടുത്ത താരം ഷമിയുടെ പന്തില്‍ ബൗള്‍ഡായി. 36 റണ്‍സാണ് അപ്പോള്‍ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. 12 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ സഹഓപ്പണര്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റും (14) പവലിയനില്‍ തിരിച്ചെത്തി. സ്വന്തം പന്തില്‍ ഇശാന്ത് പിടിച്ചു പുറത്താക്കി. അരങ്ങേറ്റക്കാരന്‍ ഷമര്‍ ബ്രൂക്‌സ് ആവട്ടെ ജഡേജയുടെ പന്തില്‍ സ്ലിപ്പില്‍ രഹാനെയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. 11 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

നേരത്തെ, അജിന്‍ക്യ രഹാനെയ്ക്ക് (81) പുറമെ അര്‍ധ സെഞ്ചുറി (58) നേടിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.ആറിന് 203 എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യ ഇന്ന് 94 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. വിന്‍ഡീസിനായി കെമര്‍ റോച്ച് നാലും ഷാനോന്‍ ഗബ്രിയേല്‍ മൂന്നും വിക്കറ്റ് വീഴ്ത്തി. ഋഷഭ് പന്ത് (24), ഇശാന്ത് ശര്‍മ (19). മുഹമ്മദ് ഷമി (0) എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ദിനം നഷ്ടമായത്. ജസ്പ്രീത് ബുംറ (4) പുറത്താവാതെ നിന്നു. 

ആറ് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ജഡേജയുടെ ഇന്നിങ്‌സ്. പന്തിന്റെ വിക്കറ്റാണ് ഇന്ന് ആദ്യം നഷ്ടമായത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റോച്ച് സ്ലിപ്പില്‍ ഹോള്‍ഡറുടെ കൈകളിലെത്തിച്ചു. പിന്നീടെത്തിയ ഇശാന്ത് ശര്‍മ 62 പന്തുകള്‍ നേരിട്ടു. ജഡേജ- ഇശാന്ത് സഖ്യം 60 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ശര്‍മയെ ഗബ്രിയേല്‍ മടക്കിയപ്പോള്‍ ഷമി നേരിട്ട് ആദ്യ പന്തില്‍ റോസ്റ്റണ്‍ ചേസിന് വിക്കറ്റ് നല്‍കി മടങ്ങി.

കെ എല്‍ രാഹുല്‍ (44), മായങ്ക് അഗര്‍വാള്‍ (5), ചേതേശ്വര്‍ പൂജാര (2), വിരാട് കോലി (9), അജിന്‍ക്യ രഹാനെ (81), ഹനുമ വിഹാരി (32) എന്നിവരുടെ വിക്കറ്റുകളാണ് ഒന്നാം ദിനം ഇന്ത്യക്ക് നഷ്ടമായത്. ചേസ് രണ്ടും ഹോള്‍ഡര്‍ ഒരു വിക്കറ്റും വീഴ്ത്തി.

Follow Us:
Download App:
  • android
  • ios