മുംബൈ: 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ധോണി നേടിയ വിജയ സിക്സര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാവില്ല. കുലശേഖരയുടെ പന്ത് ധോണി ലോംഗ് ഓണിന് മുകളിലൂടെ സിക്സിന് പറത്തിയപ്പോള്‍ ഒരു രാജ്യം മുഴുവന്‍ ആവേശത്തിമര്‍പ്പില്‍ ആറാടുകയായിരുന്നു. എന്നാല്‍ ധോണി സിക്സര്‍ പറത്തിയ ആ പന്തിന് എന്ത് സംഭവിച്ചുവെന്ന് പിന്നീടാരും അറിഞ്ഞില്ല. അത് സ്വന്തമാക്കിയ ആ ഭാഗ്യവാനെയും ആരും കണ്ടെത്തിയില്ല. ധോണിയുടെ വിജയസിക്സിന് പത്തു വര്‍ഷം പൂര്‍ത്തായാവാനിരിക്കെ ഒടുവില്‍ ആ അതിഭാഗ്യവാനെ കണ്ടെത്തിയിരിക്കുകയാണ് ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കര്‍.

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണിയെ ആദരിക്കാനായി മുംബൈ  ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചിടത്താണ് കഥയുടെ തുടക്കം. ഇതിന്റെ ഭാഗമായി ലോകകപ്പ് ഫൈനലില്‍ ധോണിയുടെ വിജയ സിക്സര്‍ പതിച്ച സീറ്റ് പ്രത്യേകം സംരക്ഷിക്കാമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ അപെക്സ് കൗണ്‍സില്‍ അംഗമായ അജിങ്ക്യാ നായിക് നിര്‍ദേശം വെച്ചു. ന്യൂസിലന്‍ഡ് താരം ഗ്രാന്‍റ് എലിയറ്റ് 2015ലെ ലോകകപ്പ് സെമിഫൈനലില്‍ സിക്സര്‍ നേടി ടീമിനെ വിജയിപ്പിച്ചതിന്റെ ഓര്‍മക്ക് ഓക്‌ലന്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഒരു സീറ്റ് ഇത്തരത്തില്‍ സംരക്ഷിച്ച് പ്രത്യേക നിറം നല്‍കി ഗ്രാന്‍റ് എലിയറ്റ് സീറ്റ് എന്ന് നാമകരണം ചെയ്തിരുന്നു.

ഇതേ മാതൃകയിലാണ് ധോണിയുടെ വിജയസിക്സ് വീണ സീറ്റും സംരക്ഷിക്കാമെന്ന് അജിങ്ക്യാ നായിക്ക് നിര്‍ദേശിച്ചത്. ഇതിന് പിന്നാലെയാണ് ധോണിയുടെ സിക്സര്‍ പതിച്ച സീറ്റ് നമ്പര്‍ 210ല്‍ ആരാണ് ഇരുന്നിരുന്നതെന്നും ധോണി സിക്സടിച്ച പന്ത് എവിടെയാണെന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ അന്വേഷണം തുടങ്ങിയത്.

മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനം അറിഞ്ഞ സുനില്‍ ഗവാസ്കറാണ് ആ സീറ്റില്‍ അന്ന് തന്റെ ഒരു സുഹൃത്തിന്റെ സുഹൃത്താണ് ഇരുന്നതെന്നും ആ മത്സരത്തിന്റെ ടിക്കറ്റും ധോണി വിജയ സിക്സര്‍ നേടിയ പന്തും അദ്ദേഹം ഇപ്പോഴും സൂക്ഷിക്കുന്നുണ്ടെന്നും അസോസിയേഷനെ അറിയിച്ചത്. വാംഖഡെ സ്റ്റേഡിയത്തില്‍ ലോകകപ്പ് ഓര്‍മകള്‍ നിലനിര്‍ത്താന്‍ മ്യൂസിയം നിര്‍മിക്കാനും ഇതില്‍ ലോകകപ്പിലെ വിജയ സിക്സര്‍ നേടിയ പന്ത് പ്രദര്‍ശിപ്പിക്കാനുമാണ് അസോസിയേഷന്റെ തീരുമാന.ഇതിനായി അന്ന് പന്ത് സ്വന്തമാക്കിയ ഭാഗ്യവാനെ അസോസിയേഷന്‍ ഉടന്‍ സമീപിക്കും.