ഇന്ത്യക്കെതിരെ അവസാന 10 ഓവറില്‍ ബംഗ്ലാ ബാറ്റര്‍മാര്‍ 102 റണ്‍സ് അടിച്ചുകൂട്ടി. അവസാന അഞ്ച് ഓവറിലാണ് പ്രധാനമായും റണ്‍സേറെ വഴങ്ങിയത്. 

ധാക്ക: ദുര്‍ബലമായ ഇന്ത്യന്‍ ഡെത്ത് ഓവര്‍ ബൗളിംഗ് വിമര്‍ശിക്കപ്പെടാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. ഏഷ്യാ കപ്പില്‍ ഇന്ത്യ പുറത്ത് പോയതിന്‍റെ പ്രധാന കാരണങ്ങളിലൊന്ന് സ്ലോഗ് ഓവറുകളില്‍ ബൗളര്‍മാര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതായിരുന്നു. ഇതിന് പിന്നാലെ ട്വന്‍റി 20 ലോകകപ്പിലും ഇന്ത്യ തോറ്റ് മടങ്ങി. അടുത്ത വര്‍ഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കേ ഡെത്ത് ഓവര്‍ ബൗളര്‍മാരെ ഉറപ്പിക്കാന്‍ ഇനിയധികം വൈകിക്കൂടാ. പക്ഷേ ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ കണ്ടത് മറ്റൊന്നാണ്. 

ഇന്ത്യക്കെതിരെ അവസാന 10 ഓവറില്‍ ബംഗ്ലാ ബാറ്റര്‍മാര്‍ 102 റണ്‍സ് അടിച്ചുകൂട്ടി. അവസാന അഞ്ച് ഓവറിലാണ് പ്രധാനമായും റണ്‍സേറെ വഴങ്ങിയത്. അവസാന ഓവറുകളില്‍ ഷ‍ര്‍ദ്ദുല്‍ ഠാക്കൂറും ഉമ്രാന്‍ മാലിക്കും മുഹമ്മദ് സിറാജും അക്‌സര്‍ പട്ടേലുമാണ് പന്തെറിഞ്ഞത്. 18.6 ഓവറില്‍ ആറ് വിക്കറ്റിന് 69 റണ്‍സെന്ന നിലയിലായിരുന്ന ബംഗ്ലാദേശിന്‍റെ അടുത്ത വിക്കറ്റ് പിഴുതെറിയാന്‍ ഇന്ത്യന്‍ ബൗളിംഗ് നിരയ്ക്ക് 47-ാം ഓവറിലെ ആദ്യ പന്തുവരെ കാത്തുനില്‍ക്കേണ്ടിവന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് ഭീഷണിയായി മാറിയ മെഹിദി ഹസന്‍ 83 പന്തില്‍ 100 റണ്‍സ് അടിച്ചുകൂട്ടി. 

ബംഗ്ലാദേശിന് എതിരായ ആദ്യ ഏകദിനത്തിലും ഡെത്ത് ഓവറുകളില്‍ ഇന്ത്യക്ക് നിയന്ത്രണമുണ്ടായിരുന്നില്ല. 10-ാം വിക്കറ്റിലെ 51 റണ്‍സ് കൂട്ടുകെട്ട് പൊളിക്കാന്‍ ഇന്ത്യന്‍ ബൗളർമാർക്കാകാതെ വന്നതോടെ ഇന്ത്യ ഒരു വിക്കറ്റിന്‍റെ തോല്‍വി വഴങ്ങുകയായിരുന്നു. 39 പന്തില്‍ 38* റണ്‍സുമായി മെഹിദി ഹസനും 11 പന്തില്‍ 10* റണ്‍സെടുത്ത് മുസ്‌താഫിസൂര്‍ റഹ്‌മാനുമാണ് ഇന്ത്യന്‍ ജയ സ്വപ്നങ്ങള്‍ തട്ടിയെടുത്തത്. ലിറ്റണ്‍ ദാസിന്‍റെ ക്യാച്ച് വിക്കറ്റ് കീപ്പർ കെ എല്‍ രാഹുല്‍ നിലത്തിട്ടപ്പോള്‍ ഒരു ക്യാച്ചിന് വേണ്ടിയുള്ള ശ്രമം വാഷിംഗ്ടണ്‍ സുന്ദറിന്‍റെ ഭാഗത്തുനിന്നുണ്ടാകാതിരുന്നത് തിരിച്ചടിയാവുകയും ചെയ്തു. എന്തായാലും ഈ ഡെത്ത് ഓവര്‍ പ്രശ്‌നങ്ങള്‍ ഏകദിന ലോകകപ്പിന് മുമ്പ് പരിഹരിക്കേണ്ടതുണ്ട്. 

ആരാണ് നമ്മുടെ ഡെത്ത് ബൗളർ, ഇങ്ങനെ പേടിച്ച് കളിച്ചിട്ട് കാര്യമില്ല; ടീം ഇന്ത്യയെ രൂക്ഷമായി വിമർശിച്ച് കൈഫ്