മത്സരത്തില്‍ ഇന്ത്യ ഒരു വിക്കറ്റിന്‍റെ പരാജയം നേരിട്ടപ്പോള്‍ പത്താം വിക്കറ്റിലെ 51 റണ്‍സ് കൂട്ടുകെട്ട് പൊളിക്കാന്‍ ഇന്ത്യന്‍ ബൗളർമാക്കായിരുന്നി

ധാക്ക: സംഭവമൊക്കെ ശരി തന്നെ, മത്സരം നടന്നത് ബംഗ്ലാദേശിന്‍റെ തട്ടകമായ ധാക്കയിലാണ്. പക്ഷേ, 10-ാം വിക്കറ്റിലെ 51 റണ്‍സ് കൂട്ടുകെട്ട് പൊളിക്കാന്‍ ഇന്ത്യന്‍ ബൗളർമാർക്കായില്ല എന്നതൊരു നാണക്കേട് തന്നെയാണ്. ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തില്‍ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയ ടീം ഇന്ത്യയെ ഇക്കാര്യം പറഞ്ഞ് രൂക്ഷമായി പരിഹസിക്കുകയാണ് വിമർശകർ. ഇക്കാര്യം തന്നെയാണ് മുന്‍ താരം മുഹമ്മദ് കൈഫ് ചോദിക്കുന്നതും. ലോകകപ്പ് ജയിക്കണമെങ്കില്‍ ടീം സമ്മർദത്തില്‍ നിന്ന് പുറത്തുകടന്നേ മതിയാകൂ എന്നും കൈഫ് വ്യക്തമാക്കി. 

'ഇന്ത്യ ജയിക്കേണ്ട മത്സരമായിരുന്നു. ഇന്ത്യ 9 വിക്കറ്റുകള്‍ വീഴ്ത്തി. ബൗളിംഗ് ഗംഭീരമായിരുന്നു. ബാറ്റർമാർ മോശം പ്രകടനം പുറത്തെടുത്ത മത്സരത്തില്‍ ബൗളർമാർ ടീം ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. 40-ാം ഓവർ വരെ കാര്യങ്ങളെല്ലാം ശുഭകരമായിരരുന്നു. എന്നാല്‍ അവസാന 10 ഓവറില്‍ എന്താണ് സംഭവിച്ചത്. ആരാണ് നമ്മുടെ ഡെത്ത് ഓവർ ബൗളർ. ദീപക് ചാഹറോ കുല്‍ദീപ് സെന്നേ? നമ്മുടെ ടീം സമ്മർദത്തിലായി എന്നതില്‍ നിരാശയുണ്ട്. ക്യാപ്റ്റന്‍സി, ബൗളിംഗ് മാറ്റങ്ങളെ കുറിച്ച് നമുക്ക് വാദിക്കാം. 40-ാം ഓവർ വരെ മത്സരം നമ്മള്‍ കൊണ്ടുപോയി. അതിന് ശേഷം മെഹിദി ഹസന്‍ എങ്ങനെയാണ് ബാറ്റ് ചെയ്യേണ്ടത് എന്ന് കാണിച്ചുതന്നു. യുവ ബൗളർമാർക്ക് അവസാന 10 ഓവറില്‍ മത്സരം അവസാനിക്കാനാവാതെ വന്നു. ഫീല്‍ഡർമാർ സമ്മർദത്തിലായിരുന്നു. സമ്മർദത്തെ തുടർന്ന് വീഴ്ചകള്‍ വരുത്തി. വൈഡ് ബോളുകളും നോബോളുകളും എറിഞ്ഞു. ലോകകപ്പ് നേടണമെങ്കില്‍ സമ്മർദത്തില്‍ നിന്ന് പുറത്തുകടക്കണം. അങ്ങനെയാണ് ടീമുകള്‍ കരുത്തരാവുന്നത്. വൈറ്റ് ബോളില്‍ ന്യൂസിലന്‍ഡും ഇംഗ്ലണ്ടും ശക്തിയാർജിച്ചത് ഇങ്ങനെയാണ്' എന്നും കൈഫ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് കൂട്ടിച്ചേർത്തു. 

മത്സരത്തില്‍ ഇന്ത്യ ഒരു വിക്കറ്റിന്‍റെ പരാജയം നേരിട്ടപ്പോള്‍ പത്താം വിക്കറ്റിലെ 51 റണ്‍സ് കൂട്ടുകെട്ട് പൊളിക്കാന്‍ ഇന്ത്യന്‍ ബൗളർമാക്കായിരുന്നില്ല. 39 പന്തില്‍ 38* റണ്‍സുമായി മെഹിദി ഹസനും 11 പന്തില്‍ 10* റണ്‍സെടുത്ത് മുസ്‌താഫിസൂര്‍ റഹ്‌മാനുമാണ് ഇന്ത്യന്‍ ജയ സ്വപ്നങ്ങള്‍ തട്ടിയെടുത്തത്. ലിറ്റണ്‍ ദാസിന്‍റെ ക്യാച്ച് വിക്കറ്റ് കീപ്പർ കെ എല്‍ രാഹുല്‍ നിലത്തിട്ടപ്പോള്‍ ഒരു ക്യാച്ചിന് വേണ്ടിയുള്ള ശ്രമം പോലും വാഷിംഗ്ടണ്‍ സുന്ദറിന്‍റെ ഭാഗത്തുനിന്നുണ്ടായില്ല. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ നാളെ നടക്കുന്ന രണ്ടാം മത്സരം ഇന്ത്യക്ക് ജീവന്‍മരണ പോരാട്ടമാണ്. 

വിമർശകരെ ശാന്തരാകുവിന്‍; വമ്പന്‍ തിരിച്ചുവരവിന് ശിഖർ ധവാന്‍