'ഒരൊറ്റ മാസം, ക്രിക്കറ്റ് നിയമത്തിന്‍റെ ചൂട് ബംഗ്ലാദേശ് അറിഞ്ഞു', മുഷ്‌ഫീഖുര്‍ റഹീമിന്‍റെ പുറത്താകലില്‍ ഷാക്കിബിനെ പരിഹസിച്ച് ആരാധകര്‍  

ധാക്ക: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്‌സില്‍ ബംഗ്ലാദേശ് താരം മുഷ്‌ഫീഖുര്‍ റഹീമിന്‍റെ പുറത്താവല്‍ വലിയ ചര്‍ച്ചയാവുകയാണ്. ഫീല്‍ഡിംഗ് തടസപ്പെടുത്തി എന്ന കാരണത്തില്‍ മുഷ്‌ഫീഖുറിനെ ഔട്ട് വിളിക്കുകയായിരുന്നു അംപയര്‍. 'ഒബ്സ്‌ട്രക്ടിങ് ദ് ഫീല്‍ഡ്' വഴി പുറത്താവുന്ന ആദ്യ ബംഗ്ലാ താരം എന്ന നാണക്കേട് മുഷ്‌ഫീഖുര്‍ റഹീമിന്‍റെ പേരിലായപ്പോള്‍ ഷാക്കിബ് അല്‍ ഹസനും ട്രോള്‍മഴ നേരിട്ടു എന്നതാണ് വാസ്‌തവം. കൃത്യം ഒരു മാസം മുമ്പ് നവംബര്‍ ആറാം തിയതി നടന്ന ഒരു സംഭവത്തിന്‍റെ പേരിലാണ് ഇപ്പോള്‍ ടീമിലില്ലായിട്ടു പോലും ഷാക്കിബ് 'എയറിലായത്'. 

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ ബാറ്റില്‍ കൊണ്ട പന്ത് കൈ കൊണ്ട് പിടിച്ചതിന് ബംഗ്ലാദേശ് താരം മുഷ്ഫീഖുര്‍ റഹീമിനെ അംപയര്‍ പുറത്താക്കുകയായിരുന്നു. കെയ്ല്‍ ജമൈസണ്‍ എറിഞ്ഞ ബംഗ്ലാദേശ് ഇന്നിംഗ്സിലെ 41-ാം ഓവറില്‍ ബാറ്റില്‍ തട്ടി ബൗണ്‍സ് ചെയ്‌ത പന്ത് സ്റ്റംപിലേക്ക് പോകുമെന്ന് ഭയന്ന് മുഷ്‌ഫീഖുര്‍ കൈകൊണ്ട് പിടിക്കുകയായിരുന്നു. പിന്നാലെ കിവീസ് താരങ്ങള്‍ അപ്പീല്‍ ചെയ്‌തതോടെ അംപയര്‍ റിപ്ലേകള്‍ പരിശോധിച്ച ശേഷം ഔട്ട് അനുവദിച്ചു. വിക്കറ്റില്‍ ഒരു തരത്തിലും കൊള്ളാന്‍ സാധ്യതയില്ലാത്ത പന്ത് ഏന്തിവലിഞ്ഞ് പിടിച്ച് നാടകീയമായി പുറത്താവുകയായിരുന്നു മുഷ്‌ഫീഖുര്‍ റഹീം എന്നാണ് സംഭവത്തിന്‍റെ വീഡിയോകള്‍ വ്യക്തമാകുന്നത്. 'ഹാന്‍ഡ്‌ലിങ് ദ് ബോളി'ലൂടെ മുഷ്‌ഫീഖുര്‍ പുറത്തായപ്പോള്‍ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് ഹസനെയും ആരാധകര്‍ വെറുതെ വിട്ടില്ല. 

ക്രിക്കറ്റ് നിയമം, നിയമം തന്നെയാണ് എന്ന് ഷാക്കിബ് അല്‍ ഹസന് ഇപ്പോള്‍ മനസിലായിക്കാണുമല്ലോ എന്ന ചോദ്യത്തോടെയാണ് ഷാക്കിബിന് നേര്‍ക്കുള്ള ട്രോളുകള്‍. കൃത്യം ഒരു മാസം മുമ്പ് നവംബര്‍ 6ന് ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ശ്രീലങ്കന്‍ താരം സദീര സമരവിക്രമ പുറത്തായ ശേഷം രണ്ട് മിനുറ്റിനുള്ളില്‍ ഏയ്ഞ്ചലോ മാത്യൂസ് ക്രീസിലെത്തിയില്ല എന്ന് കാണിച്ച് അന്നത്തെ ബംഗ്ലാ നായകന്‍ ഷാക്കിബ് അല്‍ ഹസന്‍റെ അപ്പീല്‍ പരിഗണിച്ച് മാത്യൂസിനെ അംപയര്‍ പുറത്താക്കിയിരുന്നു. ടൈംഔട്ടിലൂടെ പുറത്താവുന്ന ആദ്യ താരമായി അന്ന് മാത്യൂസ്. അന്ന് ക്രിക്കറ്റ് നിയമമാണ് ഷാക്കിബ് അല്‍ ഹസനെ പിന്തുണച്ചത് എങ്കില്‍ ഇപ്പോള്‍ അതേ ക്രിക്കറ്റ് നിയമത്തിലെ വരികളാണ് മുഷ്‌ഫീഖുര്‍ റഹീമിന്‍റെ ഔട്ടിലേക്ക് നയിച്ചത് എന്നാണ് ഒരു വിഭാഗം ആരാധകരുടെ വാദം. ഒരു മാസം കൊണ്ട് ഷാക്കിബിന് പലിശ സഹിതം കിട്ടിയെന്ന് പരിഹസിക്കുന്ന ആരാധകരുടെ പ്രതികരണങ്ങള്‍ കാണാം. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

Read more: 'ഇനിയെല്ലാം നിങ്ങൾ തീരുമാനിക്കു', ടൈംഡ് ഔട്ട് വിളിച്ചത് തെറ്റെന്ന് തെളിയിക്കാൻ വീഡിയോ പുറത്തുവിട്ട് മാത്യൂസ്