നാല് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സെടുത്ത് ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത പാക്കിസ്ഥാനെതിരെ ബംഗ്ലാദേശിന്‍റെ ഒന്നാം ഇന്നിംഗ്സ് വെറും 87 റണ്‍സില്‍ അവസാനിച്ചിരുന്നു. ഫോളോ ഓണ്‍ ചെയ്ത് വീണ്ടും ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് രണ്ടാം ഇന്നിംഗ്സിലും പിടിച്ചു നില്‍ക്കാനായില്ല.

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍(BAN vs PAK) ഇന്നിംഗ്സിനും എട്ടു റണ്‍സിനും ജയിച്ച് ടെസ്റ്റ് പരമ്പര 2-0ന് തൂത്തുവാരി പാക്കിസ്ഥാന്‍. ഇന്നിംഗ്സ് പരാജയം ഒഴിവാക്കാന്‍ 213 റണ്‍സ് വേണ്ടിരുന്നു ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സില്‍ 205 റണ്‍സിന് പുറത്തായി.

നാലു വിക്കറ്റ് വീഴ്ത്തിയ സാജിദ് ഖാനും(Sajid Khan) രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഷഹീന്‍ അഫ്രീദിയും(Shaheen Afridi) ഹസന്‍ അലിയും(Hasan Ali) ചേര്‍ന്നാണ് പാക്കിസ്ഥാന്‍റെ ജയം അനായാസമാക്കിയത്. സ്കോര്‍ പാക്കിസ്ഥാന്‍ 300-4, ബംഗ്ലാദേശ് 87, 205. മത്സരത്തിന്‍റെ ആദ്യ ഇന്നിംഗ്സില്‍ എട്ടും രണ്ടാം ഇന്നിംഗ്സില്‍ നാലും വിക്കറ്റ് അടക്കം 12 വിക്കറ്റെടുത്ത ഓഫ് സ്പിന്നര്‍ സാജിദ് ഖാനാണ് കളിയിലെ താരം. രണ്ട് ടെസ്റ്റിലും പാക് ബാറ്റിംഗിന്‍റെ നെടുന്തൂണായ ആബിദ് അലിയാണ്(Abid Ali) പരമ്പരയുടെ താരം.

നാല് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സെടുത്ത് ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത പാക്കിസ്ഥാനെതിരെ ബംഗ്ലാദേശിന്‍റെ ഒന്നാം ഇന്നിംഗ്സ് വെറും 87 റണ്‍സില്‍ അവസാനിച്ചിരുന്നു. ഫോളോ ഓണ്‍ ചെയ്ത് വീണ്ടും ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് രണ്ടാം ഇന്നിംഗ്സിലും പിടിച്ചു നില്‍ക്കാനായില്ല.

25-4ലേക്ക് കൂപ്പുകുത്തിയ ബംഗ്ലാദേശിനെ അര്‍ധസെഞ്ചുറി നേടിയ ഷാക്കിബ് അല്‍ ഹസനും(63), മുഷ്ഫിഖുര്‍ റഹീമും(48) ലിറ്റണ്‍ ദാസലും(45) ചേര്‍ന്നാണ് 205ല്‍ എത്തിച്ചത്. മെഹ്ദി ഹസനാണ്(14) രണ്ടാം ഇന്നിംഗ്സില്‍ രണ്ടക്കം കടന്ന മറ്റും ബംഗ്ലാ ബാറ്റര്‍. ആദ്യ ടെസ്റ്റില്‍ എട്ടു വിക്കറ്റിന് പാക്കിസ്ഥാന്‍ ജയിച്ചിരുന്നു.

ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി നടന്ന ടി20 പരമ്പരയിലും പാക്കിസ്ഥാന്‍ സമ്പൂര്‍ണ ജയം(3-0) സ്വന്തമാക്കിയിരുന്നു.