നാഗ്പൂരിൽ കൂറ്റൻ സ്കോർ നേടി ജയിച്ച് തുടങ്ങിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ഒരു റണ്ണിനിടെ രണ്ട് വിക്കറ്റ് നഷ്ടമായിട്ടും വീറോടെ പൊരുതിയ ആശ്വാസത്തിലാണ് ന്യൂസിലൻഡ്.
റായ്പൂര്‍: ഇന്ത്യ-ന്യൂസിലൻഡ് ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് റായ്പൂരില്‍ നടക്കും. റായ്പൂരിലെ വീര്‍ നാരായണ്‍ സിംഗ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് മത്സരം തുടങ്ങുക. സ്റ്റാര്‍ സ്പോര്‍ട്സിലും ജിയോ ഹോട്‌സ്റ്റാറിലും മത്സരം തത്സമയം കാണാനാവും. അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ഇന്ത്യ 1-0ന് മുന്നിലാണ്.
നാഗ്പൂരിൽ കൂറ്റൻ സ്കോർ നേടി ജയിച്ച് തുടങ്ങിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ഒരു റണ്ണിനിടെ രണ്ട് വിക്കറ്റ് നഷ്ടമായിട്ടും വീറോടെ പൊരുതിയ ആശ്വാസത്തിലാണ് ന്യൂസിലൻഡ്. ലോകകപ്പിന് മുൻപുള്ള അവസാന പരമ്പര ഇരുടീമിനും നിർണായകമാണ്. തകർത്തടിക്കുന്ന അഭിഷേക് ശർമ്മയ്ക്കൊപ്പം സഞ്ജു സാംസൺകൂടി ഫോമിലേക്ക് എത്തിയാൽ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാവും. ലോകകപ്പ് ടീമംഗം ആയതിനാൽ മൂന്നാം നമ്പറിൽ ഇഷാൻ കിഷൻ തുടരും.
ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഫോമിലേക്ക് തിരിച്ചെത്തുന്നതിന്‍റെ സൂചനകള്‍ നല്‍കിയത് ഇന്ത്യൻ ക്യാമ്പിന് നൽകുന്ന ആശ്വാസം ചെറുതല്ല. റിങ്കു സിംഗിന്‍റെ ഫിനിഷിംഗ് മികവിലും പ്രതീക്ഷയേറെ. ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിംഗ്, ഹാർദിക് പണ്ഡ്യ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവരുൾപ്പെട്ട ബൗളിംഗ് നിരയിൽ അക്സര്‍ ഇന്ന് പുറത്തിരുന്നേക്കും. കൈവിരലിന് നേരിയ പരിക്കുള്ളതിനാല്‍ അക്സറിന് പകരം രവി ബിഷ്ണോയിയോ കുല്‍ദീപ് യാദവോ പ്ലേയിംഗ് ഇലവനില്‍ എത്തിയേക്കുമെന്നാണ് കരുതുന്നത്.
ഡെവോൺ കോൺവേ, രച്ചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ തുടങ്ങിയവർ ഫോമിലേക്ക് എത്തിയാലെ കിവീസിന് രക്ഷയുള്ളൂ. ജേക്കബ് ഡഫി, കെയ്ൽ ജെയ്മിസൺ, ഇഷ് സോധി, ക്യാപ്റ്റൻ മിച്ചൽ സാന്‍റ്നർ എന്നിവരുടെ ബൗളിംഗ് മികവും കിവീസിന് നിർണായകമാണ്.
