ചിറ്റഗോങ്: ഷാക്കില്‍ അല്‍ ഹസന്‍ ഫോമിലേക്ക് തിരിച്ചെത്തിയ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലാദേശിന് ഏഴ് വിക്കറ്റ് ജയം. ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ അവസാന ലീഗ് മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശ് 19 ഓവറില്‍ ലക്ഷ്യം മറികടന്നു. 45 പന്തില്‍ 70 റണ്‍സുമായി പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ ഷാക്കിബാണ് വിജയം എളുപ്പമാക്കിയത്. ഇരുവരും തമ്മിലുള്ള ഫൈനല്‍ 24ന് നടക്കും. ടൂര്‍ണമെന്റിലെ മൂന്നാമത്തെ ടീമായ സിംബാബ്‌വെ നേരത്തെ പുറത്തായിരുന്നു. 

ലിറ്റണ്‍ ദാസ് (4), നജ്മുല്‍ ഹുസൈന്‍ ഷാന്റോ (5), മുഷ്ഫിഖര്‍ റഹീം (26), മഹ്മുദുള്ള (6), സാബിര്‍ റഹ്മാന്‍ (1), അഫീഫ് ഹുസൈന്‍ (2) എന്നിവരാണ് പുറത്തായ താരങ്ങള്‍. ഷാക്കിബിനൊപ്പം മൊസദെക് ഹുസൈന്‍ (19) പുറത്താവാതെ നിന്നു. എട്ട് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഷാക്കിബിന്റെ ഇന്നിങ്‌സ്. ബംഗ്ലാദേശിനായി റാഷിദ് ഖാന്‍, നവീന്‍ ഉള്‍ ഹഖ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ, ബംഗ്ലാ ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് അഫ്ഗാനെ ചെറിയ സ്‌കോറില്‍ ഒരുക്കിയത്. 47 റണ്‍സെടുത്ത ഹസ്രത്തുള്ള സാസെയാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. തകര്‍പ്പന്‍ തുടക്കമാണ് അഫ്ഗാന് ലഭിച്ചത് ആദ്യ വിക്കറ്റില്‍ 75 റണ്‍സാണ് സാസെ- റഹ്മത്തുള്ള ഗുര്‍ബാസ് (29) സഖ്യം കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ പിന്നീടെത്തിയവര്‍ക്ക് തുടക്കം മുതലാക്കാനായില്ല. അസ്ഗര്‍ അഫ്ഗാന്‍ (0), നജീബുള്ള സദ്രാന്‍ (14), മുഹമ്മദ് നബി (4), ഗുല്‍ബാദിന്‍ നെയ്ബ് (1), കരീം ജനാത് (3) എന്നിവര്‍ നിരാശപ്പെടുത്തി. ഷഫീഖുള്ള ഷഫീക് (23), റാഷിദ് ഖാന്‍ (11) എന്നിവരാണ് സ്‌കോര്‍ 130 കടത്തിയത്.

ബംഗ്ലാദേശിനായി അഫീഫ് രണ്ടും മുഹമ്മദ് സെയ്ഫുദീന്‍, ഷഫിയുല്‍ ഇസ്ലാം, ഷാക്കിബ് അല്‍ ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.