എട്ട് പന്തില്‍ 17 റണ്‍സെടുത്ത ക്യാപ്റ്റന്‍ പോള്‍ സ്റ്റെര്‍ലിംഗും 10 പന്തില്‍ 13 റണ്‍സെടുത്ത റോസ് അഡയറും ചേര്‍ന്ന് 2.3 ഓവറില്‍ 32 റണ്‍സടിച്ച് തകര്‍പ്പന്‍ തുടക്കമിട്ടെങ്കിലും ഇരുവരും പുറത്തായതോടെ അയര്‍ലന്‍ഡിന്‍റെ റണ്‍വേഗം അവസാനിച്ചു.

ചിറ്റഗോറം: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിന് 22 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 19.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തു നില്‍ക്കെ മഴ കാരണം മത്സരം തടസപ്പെട്ടതോടെ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം അയര്‍ലന്‍ഡിന്‍റെ വിജയലക്ഷ്യം എട്ടോവറില്‍ 104 റണ്‍സായി പുനര്‍ നിശ്ചയിച്ചു. എന്നാല്‍ അയര്‍ലന്‍ഡിന് എട്ടോവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

എട്ട് പന്തില്‍ 17 റണ്‍സെടുത്ത ക്യാപ്റ്റന്‍ പോള്‍ സ്റ്റെര്‍ലിംഗും 10 പന്തില്‍ 13 റണ്‍സെടുത്ത റോസ് അഡയറും ചേര്‍ന്ന് 2.3 ഓവറില്‍ 32 റണ്‍സടിച്ച് തകര്‍പ്പന്‍ തുടക്കമിട്ടെങ്കിലും ഇരുവരും പുറത്തായതോടെ അയര്‍ലന്‍ഡിന്‍റെ റണ്‍വേഗം അവസാനിച്ചു. 12 പന്തില്‍ 19 റണ്‍സെടുത്ത ഹാരി ടെക്‌ടറും 14 പന്തില്‍ 21 റണ്‍സെടുത്ത ഗാരെത് ഡെലാനിയും പൊരുതി നോക്കിയെങ്കിലും പരാജയഭാരം കുറക്കാനെ അതുകൊണ്ടായുള്ളു. രണ്ടോവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത ടസ്കിന്‍ അഹമ്മദാണ് അയര്‍ലന്‍ഡിനെ എറിഞ്ഞിട്ടത്.

ബിസിസിഐ വാര്‍ഷിക കരാര്‍; ധവാന് ആശ്വാസം, ഭുവിയും രഹാനെയും തിരിച്ചുവരാനുള്ള സാധ്യത മങ്ങി

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലദേശ് റോണി തലുക്ദാറിന്റ (38 പന്തില്‍ 67) അര്‍ധ സെഞ്ചുറിക്കരുത്തിലാണ് 19.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തത്. ലിറ്റണ്‍ ദാസും (23 പന്തില്‍ 47), ഷാമിം ഹൊസൈനും(20 പന്തില്‍ 30) ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനും(13 പന്തില്‍ 20) ബംഗ്ലാദേശിനായി ബാരറ്റിംഗില്‍ തിളങ്ങി. ക്രെയ്ഗ് യംഗ് അയര്‍ലന്‍ഡിനായി രണ്ട് വിക്കറ്റ് വീഴ്ത്തി. മൂന്ന് ടി20കളുള്ള പരമ്പരയിലെ രണ്ടാം മത്സരം 29ന് നടക്കും. നേരത്തെ, ഏകദിന പരമ്പര ബംഗ്ലാദേശ് 2-1ന് സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര 3-0ന് തൂത്തുവാരി ബംഗ്ലാദേശ് നേരത്തെ റെക്കോര്‍ഡിട്ടിരുന്നു.