ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യില്‍ 134 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 19.2 ഓവറില്‍ 125 റണ്‍സിന് ഓള്‍ ഔട്ടായി.
ധാക്ക: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും തോറ്റ് പരമ്പര കൈവിട്ട് പാകിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ജേക്കര്‍ അലിയുടെ(55) അര്‍ധസഞ്ചുറിയുടെയും മെഹ്ദി ഹസന്‍റെ(33) ചെറുത്തുനില്‍പ്പിന്‍റെയും കരുത്തില്‍ 20 ഓവറില്‍ 133 റണ്‍സിന് ഓൾ ഔട്ടായപ്പോള്‍ 134 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 19.2 ഓവറില്‍ 125 റണ്‍സിന് ഓള്‍ ഔട്ടായി എട്ട് റണ്‍സിന്‍റെ തോല്‍വി വഴങ്ങി.
ഫഖര്‍ സമന്‍(8), സയ്യീം അയൂബ്(1), മുഹമ്മദ് ഹാരിസ്(0), ക്യാപ്റ്റന്‍ സല്‍മാന്‍ ആഗ(9), ഹസന്‍ നവാസ്(0), മുഹമ്മദ് നവാസ്(0) എന്നിങ്ങനെ ബാറ്റിംഗ് നിരയിലെ ആദ്യ ആറ് പേരും രണ്ടക്കം കാണാതെ പുറത്തായതോടെ തുടക്കത്തില്‍ 15-5ലേക്കും 47-7ലേക്കും കൂപ്പുകുത്തിയ പാകിസ്ഥാനെ എട്ടാമനായി ക്രീസിലെത്തിയ ഫഹീം അഷ്റഫിന്‍റെ പോരാട്ടമാണ് 100 കടത്തിയത്.
13 റണ്‍സെടുത്ത ഖുഷ്ദില്‍ ഷായും 50 റണ്‍സിനുള്ളില്‍ പുറത്തായശേഷം വാലറ്റക്കാരെ കൂട്ടുപിടിച്ചായിരുന്നു ഫഹീം അഷ്റഫിന്‍റെ പോരാട്ടം. വാലറ്റക്കാരായ അബ്ബാസ് അഫ്രീദിയും(19), അഹമ്മദ് ഡാനിയേലും(17) ഫഹീമിന് പിന്തുണ നല്‍കിയെങ്കിലും പാകിസ്ഥാന് വിജയവര കടക്കാനായില്ല.
രണ്ട് വിക്കറ്റ് കൈയിലിരിക്കെ അവസാന രണ്ടോവറില്‍ പാകിസ്ഥാന് ജയിക്കാന്‍ 28 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. റിഷാദ് ഹൊസൈന്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 15 റണ്‍സടുത്ത അഹമ്മദ് ഡാനിയേലും ഫഹീം അഷ്റഫും ചേര്‍ന്ന് പാകിസ്ഥാന് വിജയപ്രതീക്ഷ നല്‍കി. എന്നാല്‍ പത്തൊമ്പതാം ഓവറിലെ അവസാന പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഫഹീം അഷ്റഫിനെ(32 പന്തില്‍ 51) റിഷാദ് ഹൊസൈന്‍ ബൗള്‍ഡാക്കിയത് പാകിസ്ഥാന് തിരിച്ചടിയായി.
മുസ്തഫിസുര്‍ റഹ്മാന്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയ അഹമ്മദ് ഡാനിയേല്‍ വിജയലക്ഷ്യം അഞ്ച് പന്തില്‍ ഒമ്പത് റണ്‍സാക്കിയെങ്കിലും അടുത്ത പന്തില്‍ അഹമ്മദ് ഡാനിയേലിനെ(11 പന്തില്‍ 17) പുറത്താക്കി മുസ്തഫിസുര്‍ പാകിസ്ഥാന്‍റെ പതനം പൂര്‍ത്തിയാക്കി. 17 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ഷൊറീഫുള്‍ ഇസ്ലാമാണ് പാകിസ്ഥാനെ എറിഞ്ഞിട്ടത്. പാകിസ്ഥാനെതിരായ ബംഗ്ലാദേശിന്‍റെ ആദ്യ ടി20 പരമ്പര വിജയമാണിത്. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ബംഗ്ലാദേശ് 2-0ന് മുന്നിലെത്തി.


