ധാക്ക: ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയും ചെയ്യാത്ത താരമാണ് വിരാട് കോലി. പലരും കോലിയുടെ ഫിറ്റ്‌നെസിനെ കുറിച്ച് അസൂയയോടെ സംസാരിക്കാറുണ്ട്. ബംഗ്ലാദേശ് ഏകദിന ടീം ക്യാപ്റ്റന്‍ തമീം ഇഖ്ബാലും അതില്‍ നിന്ന് വ്യത്യസ്തനല്ല. ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ കോലി അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നാണ് തമീം പറയുന്നത്. 

സഞ്ജയ് മഞ്ജരേക്കറുമായുള്ള ലൈവില്‍ സംസാരിക്കുകയായിരുന്നു തമീ. തമീമിന്റെ വാക്കുകളിങ്ങനെ... ''ഫിറ്റ്നസിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ വന്ന മാറ്റം ബംഗ്ലാദേശ് ക്രിക്കറ്റിനെയും വളരെയധികം സ്വാധീനിച്ചു. വര്‍ഷങ്ങള്‍ക്കു മുമ്പ് കോലി ജിമ്മില്‍ പരിശീലനം നടത്തുകയും വര്‍ക്കൗട്ട് ചെയ്യുകയും മറ്റും ചെയ്യുന്ന ചില വീഡിയോകള്‍ താന്‍ കണ്ടിരുന്നു. കോലി ചെയ്യുന്നതിന്റെ പകുതി പോലും ചെയ്യാന്‍ സാധിക്കാത്തതില്‍ നാണക്കേട് തോന്നിയുണ്ട്. ഞാനും കോലിയും ഒരേ പ്രായക്കാരാണ്.  

എന്റെ അതേ പ്രായമുള്ള താരം ഇത്രയേറെ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടും വീണ്ടും അത് ഇനിയും മെച്ചപ്പെടുത്തുന്നതിന് കഠിനമായി പരിശീലനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇക്കാര്യം തുറന്നു പറയുന്നതില്‍ നാണക്കേടൊന്നും തോന്നിയിട്ടില്ല. എല്ലാവരും അറിയേണ്ടത് തന്നെയാണ്.'' തമീം പറഞ്ഞു.

ഏകദിനത്തില്‍ ബംഗ്ലാദേശന്റെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരനും കൂടിയാണ് തമീം. 207 മല്‍സരങ്ങളില്‍ നിന്നും 7202 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്.