നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 158 റണ്‍സ് നേടുകയായിരുന്നു

ധാക്ക: ഇത് ചരിത്രം, ലോക ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെതിരായ മൂന്ന് ട്വന്‍റി 20കളുടെ പരമ്പര തൂത്തുവാരി ബംഗ്ലാദേശ്. ധാക്കയില്‍ നടന്ന മൂന്നാം ടി20യില്‍ 16 റണ്‍സിന് ബംഗ്ലാ കടുവകള്‍ വിജയിച്ചതോടെയാണിത്. 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 20 ഓവറില്‍ 6 വിക്കറ്റിന് 142 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ബംഗ്ലാ കടുവകള്‍ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. 

മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിന് തുടക്കത്തിലെ ബംഗ്ലാ ബൗളര്‍മാര്‍ തിരിച്ചടി നല്‍കി. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ഓപ്പണര്‍ ഫിലിപ് സാള്‍ട്ടിനെ തന്‍വീര്‍ ഇസ്‌ലം പൂജ്യത്തില്‍ പറഞ്ഞയച്ചു. സാള്‍ട്ട് ഗോള്‍ഡന്‍ ഡക്കാവുകയായിരുന്നു. ഇതിന് ശേഷം ഡേവിഡ് മലാനും ജോസ് ബട്‌ലറും നടത്തിയ രക്ഷാപ്രവര്‍ത്തനം ഇംഗ്ലണ്ടിന് വലിയ പ്രതീക്ഷയായി. എന്നാല്‍ 47 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സുകളും സഹിതം 53 നേടിയ മലാനെ മുസ്‌താഫിസൂര്‍ ലിറ്റണിന്‍റെ കൈകളിലെത്തിച്ചത് വഴിത്തിരിവായി.

ജോസ് ബട്‌ലറാവട്ടെ ഇല്ലാത്ത റണ്ണിനായി ഓടി മെഹിദിയുടെ വമ്പന്‍ ത്രോയില്‍ പുറത്തായി. 31 പന്തില്‍ നാല് ഫോറും ഒരു സിക്സും ഉള്‍പ്പടെ 40 ആണ് ബട്‌ലര്‍ സ്വന്തമാക്കിയത്. പിന്നാലെയെത്തിയ മൊയീന്‍ അലി ഒരു സിക്സ് പറത്തിയെങ്കിലും 9 പന്തില്‍ 10 റണ്ണുമായി ടസ്‌കിന്‍ അഹമ്മദിന് വിക്കറ്റ് നല്‍കി. 6 പന്തില്‍ 4 റണ്‍സെടുത്ത സാം കറനെ ഷാക്കിബ് 19-ാം ഓവറില്‍ മടക്കിയത് നിര്‍ണായകമായി. അവസാന ഓവറിലെ 27 റണ്‍സ് വിജയലക്ഷ്യം ക്രിസ് വോക്‌സിനും ക്രിസ് ജോര്‍ദാനും എത്തിപ്പിടിക്കാനായില്ല. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 158 റണ്‍സ് നേടുകയായിരുന്നു. ലിറ്റണ്‍ ദാസിനൊപ്പം തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഫോമിലെത്തിയ നജ്‌മുല്‍ ഹൊസൈന്‍ ഷാന്‍റോയാണ് ബംഗ്ലാദേശിനെ മോശമല്ലാത്ത സ്കോറിലെത്തിച്ചത്. ലിറ്റണ്‍ ദാസ് 57 പന്തില്‍ 10 ഫോറും ഒരു സിക്സും സഹിതം 73 റണ്‍സ് നേടി. സഹ ഓപ്പണര്‍ റോണി തലൂക്‌‌ദര്‍ 22 പന്തില്‍ മൂന്ന് ഫോറുകളോടെ 22 നേടി. ലിറ്റണെ ക്രിസ് ജോര്‍ദാനും റോണിയെ ആദില്‍ റഷീദും പുറത്താക്കി. ഷാന്‍റോ 32 ബോളില്‍ ഒരു ഫോറും രണ്ട് സിക്സും ഉള്‍പ്പടെ 47* ഉം നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ 6 പന്തില്‍ 4* ഉം റണ്‍സുമായി പുറത്താവാതെ നിന്നു. 

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ഐപിഎല്ലിനിടെ പേസര്‍മാര്‍ക്ക് പ്രത്യേക പരിശീലനത്തിന് വമ്പന്‍ നീക്കം