ധാക്ക: വെറ്ററന്‍ ഇന്ത്യന്‍ വിക്കറ്റ് എം എസ് ധോണി എപ്പോള്‍ ദേശീയ ടീമിലേക്ക് തിരിച്ചെത്തുമെന്നതിനെ കുറിച്ച് വിശ്വസിക്കാവുന്ന വാര്‍ത്തകളൊന്നും പുറത്തുവരുന്നില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ ടീമിലേക്കെത്തുമെന്ന് സംസാരമുണ്ടായെങ്കിലും അതുസംഭവിച്ചില്ല. ടി20 ലോകകപ്പിന് മുമ്പ് ഇനി ന്യൂസിലന്‍ഡിനെതിരെ മാത്രമാണ് ഇന്ത്യക്ക് രാജ്യന്തര മത്സരമുള്ളത്. അതില്‍ എന്താകുമെന്ന് ഉറപ്പില്ല. 

എന്നാല്‍ മറ്റൊരു മത്സരത്തിന് ബംഗ്ലാദേശ് വേദിയാകുന്നുണ്ട്. ഏഷ്യന്‍ ഇലവനും ലോക ഇലവനും തമ്മിലാണ് മത്സരം. രണ്ട് ടി20കളാണ് നടക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് 18നും 21നുമാണ് മത്സരം. ഏഷ്യന്‍ ഇലവന് വേണ്ടി കളിക്കാന്‍ ധോണി ഉള്‍പ്പെടെ ഏഴ് ഇന്ത്യന്‍ താരങ്ങളെ ആവശ്യപ്പെട്ടിരിക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്.

ധോണിക്ക് പുറമെ വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നീ താരങ്ങളെയാണ് ബിസിബി ആവശ്യപ്പെട്ടത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിനം നടക്കുന്നതിനാല്‍ താരങ്ങളെ വിട്ടുകൊടിക്കാന്‍ ബിസിസിഐ തയ്യാറുകുമോയെന്ന് കണ്ടറിയണം.

ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ട ശേഷം ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. ശേഷം വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരെ മത്സരം നടന്നിരുന്നു. എന്നാല്‍ ഋഷഭ് പന്തായിരുന്നു വിക്കറ്റിന് പിന്നില്‍.