ധാക്ക: ഇന്ത്യക്കെതിരായ ടി20, ടെസ്റ്റ് പരമ്പരകള്‍ക്ക് തയാറെടുക്കുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ നായകനായ ഷാക്കിബ് അല്‍ ഹസനെതിരെ നിയമ നടപടിക്കൊരുങ്ങി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ടീമിന്റെ മുന്‍ സ്പോണ്‍സറായ ഗ്രാമീണ്‍ ഫോണുമായി പരസ്യക്കരാറില്‍ ഏര്‍പ്പെട്ടതിനാണ് ഷാക്കിബിനെതിരെ ബോര്‍ഡ് നിയമ നടപടിക്കൊരുങ്ങുന്നത്. ചൊവ്വാഴ്ചയാണ് ഷാക്കിബ് ഗ്രാമീണ്‍ ഫോണുമായി പരസ്യക്കരാറില്‍ ഏര്‍പ്പെട്ടത്. എത്ര തുകയ്ക്കാണ് കരാറെന്ന് വ്യക്തമാക്കിയിട്ടില്ല.

ഷാക്കിബിന്റെ നടപടി ബോര്‍ഡമായുള്ള കരാറിന്റെ ലംഘനമാണെന്നാണ് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട്. ഇതിനെതിരെ ഷാക്കിബിനെതിരെയും ഫോണ്‍ കമ്പനിയ്ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നും  ഇരുവരില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രിസഡന്റ് നസ്മുള്‍ ഹസന്‍ പറഞ്ഞു. ആരെയും വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നിയമം എനിക്കു ബാധകമല്ലെന്ന ചിലരുടെ മനോഭാവം അംഗീകരിക്കാനാവില്ലെന്നും ഹസന്‍ പറഞ്ഞു. 2009 മുതല്‍ 2011വരെ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ മുഖ്യ സ്പോണ്‍സറായിരുന്നു ഗ്രാമീണ്‍ ഫോണ്‍.

ഷാക്കിബിന്റെ ക്യാപ്റ്റന്‍സിയെയും ഹസന്‍ വിമര്‍ശിച്ചു. ഇംഗ്ലണ്ടിനെയും ഓസ്ട്രേലിയയെയും തോല്‍പിച്ച ബംഗ്ലാദേശ് ഇപ്പോള്‍ അഫ്ഗാനിസ്ഥാനോട് പോലും തോറ്റുവെന്നും തോല്‍വിയുടെ ഉത്തരവാദിത്തമുള്ളയാളാണെങ്കില്‍ പരസ്യമായി പ്രതിഷേധിക്കാന്‍ ഇറങ്ങില്ലായിരുന്നുവെന്നും ഹസന്‍ പറഞ്ഞു.

പ്രതിഫലം കൂട്ടണമെന്ന് ആവശ്യപ്പെട്ട് ഷാക്കിബിന്റെ നേതൃത്വത്തിലായിരുന്നു താരങ്ങള്‍ ബോര്‍ഡിനെതിരെ സമരം ആരംഭിച്ചത്. സമ്മര്‍ദ്ദത്തിനൊടുവില്‍ പ്രതിഫലം കൂട്ടാമെന്ന് ബോര്‍ഡിന് ഒടുവില്‍ സമ്മതിക്കേണ്ടിവന്നു. ഇതിനെതിരെയുള്ള പ്രതികാര നടപടിയാണ് ഷാക്കിബിനെതിരായ നീക്കത്തിന് പിന്നിലെന്നാണ് സൂചന.