നാലോവറിൽ 22 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് പിഴുത ഷഹീൻ അഫ്രീദിയാണ് ബംഗ്ലാ കടുവകളെ കുഴക്കിയത്.
അഡ്ലെയ്ഡ്: നിർണായകമായ മത്സരത്തിൽ ബംഗ്ലാദേശിനെ പിടിച്ചുകെട്ടി പാകിസ്ഥാൻ. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് എട്ടുവിക്കറ്റ് നഷ്ടത്തിൽ 127 റൺസെടുക്കാനേ സാധിച്ചുള്ളൂ. നാലോവറിൽ 22 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് പിഴുത ഷഹീൻ അഫ്രീദിയാണ് ബംഗ്ലാ കടുവകളെ കുഴക്കിയത്. ഷബാദ് ഖാൻ രണ്ട് വിക്കറ്റ് വീഴ്ത്തി. അർധസെഞ്ച്വറി നേടിയ നജ്മുൽ ഹൊസൈൻ ഷാന്റോയാണ് ബംഗ്ലാദേശ് ടോപ് സ്കോറർ(48 പന്തിൽ54). സൗമ്യ സർക്കാർ (17 പന്തിൽ 20), അഫീഫ് ഹുസൈൻ(20 പന്തിൽ 24) എന്നിവരാണ് തിളങ്ങിയ മറ്റ് ബാറ്റ്സ്മാൻമാർ. സെമിയിൽ എത്താനുള്ള സുവർണാവസരമാണ് ഇരുടീമുകൾക്കും. ഇന്ന് ജയിച്ചാൽ പാകിസ്ഥാന് ഇന്ത്യക്കൊപ്പം ഗ്രൂപ്പിൽ നിന്ന് സെമിയിലെത്താം. മികച്ച റൺറേറ്റിൽ ജയിച്ചാൽ ബംഗ്ലാദേശിനും സെമി സാധ്യതയുണ്ട്.
പ്രതീക്ഷ നല്‍കുന്ന തുടക്കമായിരുന്നു ബംഗ്ലാദേശിന്‍റേത്. കരുത്തുറ്റ പാക് ബൗളിങ് നിരക്കെതിരെ സൂക്ഷിച്ച് തുടങ്ങിയ ഓപണര്‍മാര്‍ പതിയെ റണ്‍സുയര്‍ത്തി. ഇന്ത്യക്കെതിരെ സംഹാര താണ്ഡവമായിട ലിറ്റണ്‍ ദാസ് അഫ്രീദിയെ കൂറ്റന്‍ സിക്സിന് പറത്തി തുടങ്ങിയെങ്കിലും അതേഓവറില്‍ കട്ടിന് ശ്രമിച്ച ദാസ് ക്യാച്ച് നല്‍കി മടങ്ങി. 11ാം ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 70 പിന്നിട്ടെങ്കിലും സൗമ്യ സര്‍ക്കാര്‍ വീണതോടെ സ്കോറിങ് വേഗത കുറഞ്ഞു. നേരിട്ട ആദ്യപന്തില്‍ ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ പുറത്തായതോടെ ബംഗ്ലാദേശ് കൂടുതല്‍ പ്രതിസന്ധിയിലായി. നജ്മുൽ ഹൊസൈൻ ഷാന്റോ പുറത്തായതോടെ പ്രതീക്ഷ മങ്ങി. അഫീഫ് ഹൗസൈന്‍റെ ഇന്നിങ്സാണ് മാന്യമായ സ്കോര്‍ നല്‍കിയത്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ നെതര്‍ലന്‍ഡ്‌സിനോട് ദക്ഷിണാഫ്രിക്ക തോറ്റതോടെ ഇന്ത്യ ഇതിനകം സെമിയില്‍ എത്തിയിട്ടുണ്ട്. ഒരിക്കല്‍ക്കൂടി ഐസിസി ടൂര്‍ണമെന്‍റില്‍ പടിക്കല്‍ കലമുടയ്ക്കുന്ന ദക്ഷിണാഫ്രിക്കയയെയാണ് അഡ്‌ലെയ്‌ഡില്‍ കണ്ടത്. പ്രോട്ടീസിനെ 13 റണ്‍സിന് നെതര്‍ലന്‍ഡ്‌സ് വീഴ്‌ത്തുകയായിരുന്നു. 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ 8 വിക്കറ്റിന് 145 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
