ധാക്ക: ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ രണ്ടാം മത്സരത്തിനിറങ്ങിയ ബംഗ്ലാദേശിന്, അഫ്ഗാനിസ്ഥാനെതിരെ 165 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇത്രയും റണ്‍സെടുത്തത്. മുഹമ്മദ് നബയുടെ (54 പന്തില്‍ പുറത്താവാതെ 84) അര്‍ധ സെഞ്ചുറിയാണ് അഫ്ഗാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മുഹമ്മദ് സെയ്ഫുദ്ദീന്‍ ബംഗ്ലാദേശിനായി നാല് വിക്കറ്റ് വീഴ്ത്തി.

ഒരു ഘട്ടത്തില്‍ നാലിന് 40 എന്ന നിലയില്‍ തകര്‍ച്ചയെ നേരിടുകയായിരുന്നു അഫ്ഗാന്‍. എന്നാല്‍ നബിയുടെയും അസ്ഗര്‍ അഫ്ഗാന്റെയും (37 പന്തില്‍ 40) പ്രകടനം അഫ്ഗാന് തുണയായി. 40 പന്തില്‍ 107 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്.  ഏഴ് സിക്‌സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു നബിയുടെ ഇന്നിങ്‌സ്. 

റഹ്മാനുള്ള ഗുര്‍ബാസ് (0), ഹസ്രത്തുള്ള സസൈ (1), നജീബ് തറകേ (11), നജീബുള്ള സദ്രാന്‍ (5), ഗുല്‍ബാദിന്‍ നെയ്ബ് (0) എന്നിവരാമ് പുറത്തായ മറ്റുതാരങ്ങള്‍. നബിക്കൊപ്പം കരിം ജനാത് (5) പുറത്താവാതെ നിന്നു.

സെയ്ഫുദീന് പുറമെ ഷാക്കിബ് അല്‍ ഹസന്‍ ബംഗ്ലാദേശിനായി രണ്ട് വിക്കറ്റ് വീഴ്ത്തി.