Asianet News MalayalamAsianet News Malayalam

ബംഗ്ലാദേശ് താരം മെഹമ്മദുള്ള ടെസ്റ്റില്‍ നിന്ന് വിരമിച്ചു

ടെസ്റ്റില്‍ അഞ്ച് സെഞ്ചുറികളും 16 അര്‍ധസെഞ്ചുറികളും നേടിയിട്ടുണ്ട്. 2009ല്‍ ടെസ്റ്റില്‍ അരങ്ങേറിയ മെഹമ്മദുള്ള ഈ വര്‍ഷം ജൂലൈയില്‍ സിംബാബ്‌വെക്കെതിരെ ആണ് അവസാന ടെസ്റ്റ് കളിച്ചത്.

Bangladesh Player Mahmudullah announces retirement from Test cricket
Author
Dhaka, First Published Nov 24, 2021, 8:40 PM IST

ധാക്ക: ബംഗ്ലാദേശ് ടി20 ടീം നായകന്‍ മെഹമ്മദുള്ള(Mahmudullah) ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ബംഗ്ലാദേശിനായി 50 ടെസ്റ്റുകളില്‍ കളിച്ച മെഹമ്മദുള്ള 2914 റണ്‍സും 43 വിക്കറ്റും നേടിയിട്ടുണ്ട്. ഏകദിനത്തിലും ടി20യിലും തുടര്‍ന്നും കളിക്കുമെന്നും 35കാരനായ മെഹമ്മദുള്ള ട്വീറ്റില്‍ പറഞ്ഞു.

ടെസ്റ്റില്‍ അഞ്ച് സെഞ്ചുറികളും 16 അര്‍ധസെഞ്ചുറികളും നേടിയിട്ടുണ്ട്. 2009ല്‍ ടെസ്റ്റില്‍ അരങ്ങേറിയ മെഹമ്മദുള്ള ഈ വര്‍ഷം ജൂലൈയില്‍ സിംബാബ്‌വെക്കെതിരെ ആണ് അവസാന ടെസ്റ്റ് കളിച്ചത്. ഞാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിക്കുകയാണ്. അരങ്ങേറ്റ ടെസ്റ്റിലും അവസാന  ടെസ്റ്റിലും മാന്‍ ഓഫ് ദ് മാച്ച പുരസ്കാരം നേടാന്‍ എനിക്കായി. കരിയറില്‍ പിന്തുണച്ച ടീം അംഗങ്ങള്‍ക്കും പരിശീലകര്‍ക്കും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനും എന്‍റെ കുടുംബത്തിനും നന്ദി അറിയിക്കുന്നു-മെഹമ്മദുള്ള കുറിച്ചു.

കഴിഞ്ഞ ദിവസം നടന്ന പാക്കിസ്ഥാഥാനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ അവസാന ഓവര്‍ എറിഞ്ഞ മെഹമ്മദുള്ളയുടെ പെരുമാറ്റം ക്രിക്കറ്റ് ലോകത്തിന്‍റെ കൈയടി നേടിയിരുന്നു.അവസാന പന്തില്‍ പാക്കിസ്ഥാന് ജയത്തിലേക്ക് രണ്ടു റണ്‍സ് വേണമെന്ന ഘട്ടത്തില്‍ അവസാന പന്ത് നേരിട്ട മുഹമ്മദ് നവാസ്(Mohammad Nawaz) മെഹമ്മദുള്ള പന്ത് കൈവിട്ടശേഷം അവസാന സെക്കന്‍ഡില്‍ മാറി നിന്നതോടെ ബൗള്‍ഡായി.

എന്നാല്‍ അപ്പീല്‍ ചെയ്യാനോ, വിജയാഘോഷം നടത്താനോ നില്‍ക്കാതെ അമ്പയറും കളിക്കാരുമായി ചെറിയൊരു ചര്‍ച്ച നടത്തി മെഹമ്മദുള്ള അവസാന പന്ത് വീണ്ടുമെറിയാനായി തിരികെ നടന്നു. നവാസ് ബൗള്‍ഡായ പന്ത് അമ്പയര്‍ ഡെഡ് ബോള്‍ വിളിക്കുകയും മെഹമ്മദുള്ള വീണ്ടുമെറിഞ്ഞ അവസാന പന്ത് ബൗണ്ടറി കടത്തി നവാസ് പാക്കിസ്ഥാനെ ജയത്തിലേക്ക് നയിക്കുകയും ചെയ്തു. മെഹമ്മദുള്ള യുടെ മാന്യതയെ ആരാധകര്‍ പ്രശംസിക്കുകയും ചെയ്തു.

Follow Us:
Download App:
  • android
  • ios