ഐസിസിക്ക് ഇതിലൂടെ നഷ്ടപ്പെടാൻ പോകുന്നത് ലോകകപ്പ് കാണുന്ന 20 കോടി ജനങ്ങളെയാണ്. അത് അവരുടെ മാത്രം നഷ്ടമായിരിക്കുമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്.

ധാക്ക: അടുത്ത മാസം തുടങ്ങുന്ന ടി20 ലോകകപ്പില്‍ നിന്ന് ബംഗ്ലാദേശ് പിന്‍മാറി. സുരക്ഷാപരമായ കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കാനാകില്ലെന്നും വേദി ടൂര്‍ണമെന്‍റിന്‍റെ സഹ ആതിഥേയരായ ശ്രീലങ്കയിലേക്ക് മാറ്റണമെന്നുമുള്ള ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ(ബിസിബി) ആവശ്യം ഐസിസി തളളിയതിനെത്തുടര്‍ന്നാണ് ബംഗ്ലാദേശ് ലോകകപ്പില്‍ നിന്ന് പിന്‍മാറിയത്. ബംഗ്ലാദേശിന്‍റെ ഗ്രൂപ്പ് മാറ്റി ശ്രീലങ്കയില്‍ കളിക്കാനുള്ള അവസരം ഒരുക്കണമെന്ന ബിസിബിയുടെ ആവശ്യവും തള്ളിയ ഐസിസി ഇന്ന് അന്തിമതീരുമാനം അറിയിക്കണമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ കളിക്കാരുമായും സര്‍ക്കാരിന്‍റെ കായിക ഉപദേഷ്ടാവ് ആസിഫ് നസ്റുലുമായും കൂടിക്കാഴ്ച നടത്തിയശേഷം ബിസിസിബി പ്രസിഡന്‍റ് അമീനുള്‍ ഇസ്ലാമാണ് ഇന്ത്യയില്‍ ലോകകപ്പ് കളിക്കാനില്ലെന്നും പിന്‍മാറുകയാണെന്നും പ്രഖ്യാപിച്ചത്.

ടി20 ലോകകപ്പിലെ മത്സരങ്ങള്‍ ശ്രീലങ്കയിൽ കളിക്കാനുള്ള ഞങ്ങളുടെ പദ്ധതിയുമായി ഞങ്ങൾ ഐസിസിയെ സമീപിച്ചപ്പോള്‍ അവർ ഞങ്ങൾക്ക് 24 മണിക്കൂർ അന്ത്യശാസനം നൽകുകയാണ് ചെയ്തത് എന്നാൽ ഒരു ആഗോള സംഘടനയ്ക്ക് ഒരിക്കലും അങ്ങനെ ചെയ്യാൻ കഴിയില്ല. ഐസിസിക്ക് ഇതിലൂടെ നഷ്ടപ്പെടാൻ പോകുന്നത് ലോകകപ്പ് കാണുന്ന 20 കോടി ജനങ്ങളെയാണ്. അത് അവരുടെ മാത്രം നഷ്ടമായിരിക്കും. ഐസിസി ശ്രീലങ്കയെ 'കോ-ഹോസ്റ്റ്' (സഹ-ആതിഥേയർ) എന്നാണ് വിളിക്കുന്നത്. എന്നാൽ അവർ സഹ-ആതിഥേയരല്ല. ഇതൊരു 'ഹൈബ്രിഡ് മോഡൽ' മാത്രമാണ്. ഐസിസി മീറ്റിംഗിൽ ഞാൻ കേട്ട ചില കാര്യങ്ങൾ ശരിക്കും ഞെട്ടിക്കുന്നതായിരുന്നുവെന്നും അമീനുള്‍ ഇസ്ലാം പറഞ്ഞു.

ശ്രീലങ്കയിൽ കളിക്കാൻ ഐസിസി അവസരം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്ത്യയിലേക്ക് പോകേണ്ടെന്ന് തീരുമാനിച്ചത് സർക്കാരാണെന്നും ബംഗ്ലാദേശ് സർക്കാരിന്‍റെ കായിക ഉപദേഷ്ടാവായ ആസിഫ് നസ്റുൽ വ്യക്തമാക്കി. ബുധനാഴ്ച നടന്ന ഐസിസി ബോർഡ് യോഗത്തി ബിസിബിയുടെ സുരക്ഷാ ആശങ്കകളെ ഐസിസി തള്ളിക്കളഞ്ഞിരുന്നു. ഇന്ത്യയിൽ കളിക്കില്ലെന്ന നിലപാടിൽ ബംഗ്ലാദേശ് ഉറച്ചുനിൽക്കുകയാണെങ്കിൽ, അവരെ ടി20 ലോകകപ്പിൽ നിന്ന് മാറ്റുമെന്നും പകരം യൂറോപ്യൻ യോഗ്യതാ ലീഗില്‍ നിന്ന് സ്കോട്‌ലന്‍ഡിനെ ഉൾപ്പെടുത്തുമെന്നും ഐസിസി വ്യക്തമാക്കിയിരുന്നു.യൂറോപ്യൻ ക്വാളിഫയറിൽ നെതർലൻഡ്‌സ്, ഇറ്റലി, ജേഴ്‌സി എന്നീ ടീമുകൾക്ക് പിന്നിലായിപ്പോയതിനാൽ 2026-ലെ ടി20 ലോകകപ്പിന് യോഗ്യത നേടാൻ സ്‌കോട്ട്‌ലൻഡിന് നേരത്തെ സാധിച്ചിരുന്നില്ല.

ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾക്കിടെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്‍റെ (ബിസിസിഐ) നിർദ്ദേശപ്രകാരം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിൽ നിന്ന് ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയ ശേഷമാണ് പ്രതിസന്ധി ഉടലെടുത്തത്. പിന്നാലെ കളിക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടി മത്സരങ്ങൾ ഇന്ത്യയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തുകയായിരുന്നു. വേദി ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ​ഗ്രൂപ്പ് മാറ്റണമെന്നുമായിരുന്നു ബം​ഗ്ലാദേശിന്‍റെ ആവശ്യം.

ഇറ്റലി, ന്യൂസിലാൻഡ്, വെസ്റ്റ് ഇൻഡീസ്, നേപ്പാൾ എന്നിവരോടൊപ്പം ഗ്രൂപ്പ് സിയിലാണ് ബംഗ്ലാദേശ് ഉൾപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി 7 ന് കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് ബംഗ്ലാദേശിന്‍റെ ഉദ്ഘാടന മത്സരം. മത്സരക്രമം അനുസരിച്ച് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ബംഗ്ലാദേശ് രണ്ട് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ കൂടി കളിക്കണം. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് അവസാന ഗ്രൂപ്പ് ഘട്ട മത്സരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക