ധാക്ക: ഐസിസി വിലക്ക് നേരിടുന്ന ഷാക്കിബ് അല്‍ ഹസന് പിന്നില്‍ ഒന്നടങ്കം അണിനിരന്ന് ബംഗ്ലാദേശ് ടീം അംഗങ്ങള്‍. വാതുവെപ്പുകാര്‍ സമീപിച്ച വിവരം ഐസിസി അഴിമതി വിരുദ്ധ സമിതിയെ അറിയിച്ചില്ലെന്ന കാരണത്താല്‍ ഐസിസി ഷാക്കിബിനെ രണ്ടുവര്‍ഷത്തേക്ക് വിലക്കിയിരുന്നു.  അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യക്കെതിരായ പരമ്പരയിലാണ് വിലക്ക് നിലവില്‍ വരുന്നത്.

പല പ്രായത്തിലായി 18 വര്‍ഷമായി താങ്കള്‍ക്കൊപ്പം കളിക്കുന്നു. താങ്കളെ കൂടാതെ കളിക്കുന്നതിനെക്കുറിച്ച് ആലോചിക്കാനെ വയ്യെന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മുഷ്ഫീഖുര്‍ റഹീം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ചാമ്പ്യനായി താങ്കള്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു. തന്റെയും ബംഗ്ലാദേശ് ജനതയുടെയും പിന്തുണ താങ്കള്‍ക്കുണ്ടെന്നും മുഷ്ഫീഖുര്‍ പറഞ്ഞു.

താങ്കളെക്കൂടാതെ കളിക്കേണ്ടിവരുമെന്ന് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു പേസ് ബൗളര്‍ മുസ്തഫിസുര്‍ റഹ്മാന്റെ പ്രതികരണം. പക്ഷെ താങ്കള്‍ കൂടുതല്‍ കരുത്തനായി തിരിച്ചുവരുമെന്ന് എനിക്കുറപ്പുണ്ട്. ആ ദിവസത്തിനായി കാത്തിരിക്കുന്നുവെന്നും മുസ്തഫിസുര്‍ ട്വിറ്ററില്‍ കുറിച്ചു.

ഷാക്കിബിന്റെ സസ്പെന്‍ഷനില്‍ ദു:ഖമുണ്ടെങ്കിലും അദ്ദേഹം കരുത്തോടെ തിരിച്ചുവരുമെന്ന് മുന്‍ നായകന്‍ മൊര്‍ത്താസ പറഞ്ഞു. കുറച്ചു ദിവസത്തേക്ക് എനിക്ക് ഉറക്കമില്ലാത്ത രാത്രിയായിരിക്കും. എങ്കിലും 2023ലെ ലോകകപ്പ് ഷാക്കിബിന്റെ കീഴിലായിരിക്കും ബംഗ്ലാദേശ് കളിക്കുക എന്നോര്‍ത്ത് തനിക്ക് സുഖമായി ഉറങ്ങാനാകുമെന്നും മൊര്‍ത്താസ പറഞ്ഞു.