ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ തന്‍സിദ് ഹസന്റെ (101) സെഞ്ചുറിയുടെ മികവില്‍ ബംഗ്ലാദേശ് മികച്ച ലീഡിലേക്ക് നീങ്ങുന്നു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 351/6 എന്ന നിലയിലുള്ള ബംഗ്ലാദേശിന് 153 റണ്‍സിന്റെ ലീഡുണ്ട്.
ഡാര്‍വിന്‍: ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശ് മികച്ച ലീഡിലേക്ക്. ഡാര്‍വിന്‍, മറാര ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 198നെതിരെ ബംഗ്ലാദേശ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സെടുത്തിട്ടുണ്ട്. ഇപ്പോള്‍ അവര്‍ക്ക് 153 റണ്‍സിന്റെ ലീഡായി. തന്‍സിദ് ഹസന്റെ (101) സെഞ്ചുറിയും നജ്മുല്‍ ഹുസൈന്‍ ഷാന്റോയുടെ (84) പ്രകടനവുമാണ് ബംഗ്ലാദേശിന് തുണയായത്. മെഹ്ദി ഹസന്‍ മിറാസ് (32), ഹസന്‍ മഹ്മൂദ് (13) എന്നിവരാണ് ക്രീസില്‍. ഓസീസിന് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഒന്നിന് 98 എന്ന നിലയിലാണ് ബംഗ്ലാദേശ് രണ്ടാം ദിനം ബാറ്റിംഗിനെത്തിയത്. ഇന്ന് മൊമിനുല്‍ ഹഖ് (49), തന്‍സിദ്, ഷാന്റോ, മുഷ്ഫിഖുര്‍ റഹീം (36), ലിറ്റണ്‍ ദാസ് (0) എന്നിവരുടെ വിക്കറ്റുകളും ബംഗ്ലാദേശിന് നഷ്ടമായി. ഷദ്മാന്‍ ഇസ്ലാം (20) ഇന്നലെ മടങ്ങിയിരുന്നു. തന്‍സിദ് - മൊമിനുല്‍ (109), ഷാന്റോ - തന്‍സിദ് (93) എന്നീ കൂട്ടുകട്ടുകളാണ് ബംഗ്ലാദേശ് ഇന്നിംഗ്‌സിന് കരുത്തായത്. 197 പന്തുകള്‍ നേരിട്ട തന്‍സിദ് ഒരു സിക്‌സും എട്ട് ഫോറും നേടി. നേരത്തെ, ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ 198ന് എല്ലാവരും പുറത്തായിരുന്നു.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയക്ക് വേണ്ടി 71 റണ്‍സെടുത്ത മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് മാത്രമാണ് തിളങ്ങിയത്. 55 റണ്‍സ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ വലങ്കയ്യന്‍ പേസര്‍ ഹസന്‍ മഹ്മൂദിന്റെ കരിയറിലെ മികച്ച പ്രകടനമാണ് ഓസീസിന്റെ നട്ടെല്ലൊടിച്ചത്. ടെസ്റ്റ് ഇന്നിംഗ്‌സില്‍ ഒരു ബംഗ്ലാദേശ് പേസറുടെ ഏറ്റവും മികച്ച മൂന്നാമത്തെ പ്രകടനമാണിത്. ഹസന്‍ മഹ്മൂദിന് പുറമെ ടസ്‌കിന്‍ അഹമ്മദും ഇബാദത്ത് ഹുസൈനും മികച്ച പിന്തുണ നല്‍കി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയെ വെറും 53 ഓവറിലാണ് ബംഗ്ലാദേശ് എറിഞ്ഞൊതുക്കിയത്. ഓപ്പണമാരായ ട്രാവിസ് ഹെഡും(22), ജാക് വെതാറള്‍ഡും(23) ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 45 റണ്‍സെടുത്ത് ഭേദപ്പെട്ട തുടക്കം നല്‍കിയശേഷമാണ് ഓസീസ് തകര്‍ന്നടിഞ്ഞത്.
ജാക്ക് വെതറാള്‍ഡ് (23), ട്രാവിസ് ഹെഡ് എന്നിവരെ തുടര്‍ച്ചയായ ഓവറുകളില്‍ മടക്കി ഹസന്‍ മഹ്മൂദാണ് തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് മാര്‍നസ് ലബുഷെയ്ന്‍(1), കാമറൂണ്‍ ഗ്രീന്‍(13) എന്നിവര്‍ക്കും നിലയുറപ്പിക്കാനായില്ല. ബംഗ്ലാദേശിനെതിരെ ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ ഏറ്റവും കുറഞ്ഞ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറാണിത്. 2017ല്‍ മിര്‍പൂരില്‍ 217 റണ്‍സിന് പുറത്തായതായിരുന്നു ഇതിന് മുമ്പത്തെ ഏറ്റവും കുറഞ്ഞ സ്‌കോര്‍.

