ഇന്‍ഡോര്‍: ഇന്ത്യക്കെതിരെ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിന് തകര്‍ച്ചയോടെ തുടക്കം. ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സന്ദര്‍ശകര്‍ ലഞ്ചിന് പിരിയുമ്പോള്‍ മൂന്നിന് 63 എന്ന നിലയിലാണ്. മുഷ്ഫിഖര്‍ റഹീം (14), മൊമിനുള്‍ ഹഖ് (22) എന്നിവരാണ് ക്രീസില്‍. ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ഷദ്മാന്‍ ഇസ്ലാം (6), ഇമ്രുല്‍ കയേസ് (6), മുഹമ്മദ് മിഥുന്‍ (13) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. ആറാം ഓവറില്‍ തന്നെ കയേസിനെ ഉമേഷ് യാദവ് സ്ലിപ്പില്‍ രഹാനെയുടെ കൈകളിലെത്തിച്ചു. തൊട്ടടുത്ത ഓവറില്‍ ഇസ്ലാം മടങ്ങി. ഇശാന്തിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയ്ക്ക് ക്യാച്ച്. മിഥുന്‍ ആവട്ടെ ഷമിയുടെ പേസിന് മുന്നില്‍ മുട്ടുമടക്കി. ഉമേഷിന്റെ പന്തില്‍ മുഷ്ഫിഖര്‍ നല്‍കിയ ക്യാച്ച് സ്ലിപ്പില്‍ കോലി വിട്ടുകളഞ്ഞിരുന്നു.

രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. കൊല്‍ക്കത്തയില്‍ പകലും രാത്രിയുമായിട്ടാണ് രണ്ടാം ടെസ്റ്റ്. ടി20 പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു.