ധാക്ക: പാകിസ്ഥാന്‍ പര്യടനത്തിനൊരുങ്ങുന്ന ബംഗ്ലാദേശിന് കനത്ത തിരിച്ചടി. ബംഗ്ലാദേശ് പരിശീലക സംഘത്തിലെ അഞ്ച് പേര്‍ പര്യടനത്തില്‍ നിന്ന് പിന്മാറി. നിശ്ചിത ഓവര്‍ മത്സരത്തില്‍ ബാറ്റിംഗ് പരിശീലകനായ നീല്‍ മെക്കന്‍സി, ഫീല്‍ഡിങ് പരിശീലകന്‍ റയാന്‍ കുക്ക്, ഇടക്കാല സ്പിന്‍ പരിശീലനകനായ ഡാനിയേല്‍ വെട്ടോറി, ടീം അനലിസ്റ്റ് ശ്രീനിവാസ് ചന്ദ്രശേഖര്‍, സ്‌ട്രെങ്ത് ആന്‍ഡ് കണ്ടിഷനിംഗ് പരിശീലകന്‍ മരിയോ വില്ലാവരയാന്‍ എന്നിരവരാണ് പിന്മാറായത്. 

നിലവില്‍ മൂന്ന് ഘട്ടങ്ങളിലായി മൂന്ന് ടി20 മത്സരങ്ങളും രണ്ട് ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് പാകിസ്ഥാന്റെ ബംഗ്ലാദേശ് പരമ്പരയില്‍ ഉള്ളത്. നേരത്തെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഷ്ഫീഖുര്‍ റഹീം പരമ്പരയില്‍ നിന്ന് പിന്‍മാറിയിരുന്നു. ഫോണില്‍ വിളിച്ചാണ് പാക്കിസ്ഥാന്‍ പര്യടനത്തിനില്ലെന്ന് മുഷ്ഫീഖുര്‍ റഹീം അറിയിച്ചതെന്ന് ബംഗ്ദാദേശ് ക്രിക്കറ്റ് ടീം ചീഫ് സെലക്ടര്‍ മിനാജുള്‍ അബീദിന്‍ പറഞ്ഞു. പിന്‍മാറ്റത്തിന്റെ കാരണം മുഷ്ഫീഖുര്‍ വ്യക്തമാക്കിയിട്ടില്ല. 

2009ല്‍ ശ്രീലങ്കന്‍ ടീമിനു നേരെ നടന്ന ലാഹോര്‍ ഭീകാരക്രണത്തിനുശേഷം സുരക്ഷാ കാരണങ്ങളാല്‍ മറ്റ് രാജ്യങ്ങളൊന്നും പാക്കിസ്ഥാനില്‍ ക്രിക്കറ്റ് കളിക്കാനെത്തിയിരുന്നില്ല. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയാണ് പാക്കിസ്ഥാനില്‍ പര്യടനം നടത്തിയ ആദ്യ ടീം. ബംഗ്ലാദേശ് കൂടി എത്തുന്നതോടെ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ പതുക്കെ പാക്കിസ്ഥാനില്‍ തിരിച്ചെത്തുമെന്നാണ് പാക് ബോര്‍ഡിന്റെ പ്രതീക്ഷ.