ചിറ്റഗോങ്: അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റില്‍ ബംഗ്ലാദേശിന് ബാറ്റിംഗ് തകര്‍ച്ച. അഫ്ഗാനിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 342 റണ്‍സിന് മറുപടിയായി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ബംഗ്ലാദേശ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെന്ന നിലയിലാണ്.

രണ്ട് വിക്കറ്റ് മാത്രം ശേഷിക്കെ അഫ്ഗാന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് 148 റണ്‍സിന് പുറകിലാണ് ബംഗ്ലാദേശ്. 44 റണ്‍സുമായി മൊസാദെക് ഹൊസൈനും 14 റണ്‍സോടെ തൈജുള്‍ ഇസ്ലാമും ക്രീസില്‍. നാലു വിക്കറ്റ് വീഴ്ത്തി ക്യാപ്റ്റന്‍ റാഷിദ് ഖാനാണ് ബംഗ്ലാദേശിനെ കറക്കി വീഴ്ത്തിയത്. 52 റണ്‍സെടുത്ത മോനിമുള്‍ ഹഖും 33 റണ്‍സെടുത്ത ലിറ്റണ്‍ ദാസും ബംഗ്ലാദേശിനായി പൊരുതിയെങ്കിലും വലിയ സ്കോര്‍ നേടാനായില്ല.

146/8 എന്ന നിലയില്‍ തകര്‍ന്ന ബംഗ്ലാദേശിനെ പിരിയാത്ത എട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 46 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഹൊസൈനും ഇസ്ലാമും ചേര്‍ന്നാണ് 200ന് അടുത്തെത്തിച്ചത്. അവസാന ടെസ്റ്റ് കളിക്കുന്ന മൊഹമ്മദ് നബി അഫ്ഗാനായി രണ്ടു വിക്കറ്റ് വീഴ്ത്തി. നേരത്തെ അഫ്ഗാന്റെ ഒന്നാം ഇന്നിംഗ്സ് 342 റണ്‍സില്‍ അവസാനിച്ചിരുന്നു. വാലറ്റത്ത് ക്യാപ്റ്റന്‍ റാഷിദ് ഖാന്റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയാണ്(61 പന്തില്‍ 51) അഫ്ഗാനെ മികച്ച സ്കോറിലെത്തിച്ചത്.