132-8 എന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ബംഗ്ലാദേശിന്‍റെ അവസാന പ്രതീക്ഷ മെഹ്ദി ഹസന്‍ റാസയുടെ ബാറ്റിംഗിലായിരുന്നു. സ്കോര്‍ 144ല്‍ നില്‍ക്കെ എബദോത് ഹൊസൈനെ(17) റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ച് കുല്‍ദീപ് അഞ്ച് വിക്കറ്റ് തികച്ചു.
ചിറ്റഗോറം: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 254 റണ്‍സിന്‍റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 404 റണ്‍സിന് മറുപടിയായി ബഗ്ലാദേശ് മൂന്നാം ദിനം 150 റണ്‍സിന് ഓള്‍ ഔട്ടായി. അഞ്ച് വിക്കറ്റെടുത്ത കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് സിറാജുമാണ് ഇന്ത്യക്കായി ബൗളിംഗില്‍ തിളങ്ങിയത്. ബംഗ്ലാദേശിനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ലഞ്ചിന് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 36 റണ്‍സെടുത്തിട്ടുണ്ട്. 15 റണ്‍സോടെ ശുഭ്മാന്‍ ഗില്ലും 20 റണ്‍സോടെ ക്യാപ്റ്റന്‍ കെ എല്‍ രാഹുലും ക്രീസില്‍.
എല്ലാം വളരെ പെട്ടെന്ന് കഴിഞ്ഞു
132-8 എന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ബംഗ്ലാദേശിന്‍റെ അവസാന പ്രതീക്ഷ മെഹ്ദി ഹസന്‍ റാസയുടെ ബാറ്റിംഗിലായിരുന്നു. സ്കോര്‍ 144ല്‍ നില്‍ക്കെ എബദോത് ഹൊസൈനെ(17) റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ച് കുല്‍ദീപ് അഞ്ച് വിക്കറ്റ് തികച്ചു. പിന്നാലെ പൊരുതിന്ന മെഹ്ദി ഹസനെ(25), അക്സറിന്‍റെ പന്തില്‍ റിഷഭ് പന്ത് സ്റ്റംപ് ചെയ്ത് പുറത്താക്കി. ഇതോടെ ബംഗ്ലാദേശിന്‍റെ ഒന്നാം ഇന്നിംഗ്സ് മൂന്നാം ദിനം 18 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് 150ല്‍ അവസാനിച്ചു.
ഇന്ത്യക്കായി കുല്‍ദീപ് യാദവ് 40 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തപ്പോള്‍ സിറാജ് 20 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. ബംഗ്ലാദേശിനെ ഫോളോ ചെയ്യിക്കാതെ ലീഡുയര്‍ത്താനാണ് ഇന്ത്യയുടെ ശ്രമം.നേരത്തെ വാലറ്റക്കാരുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ മികച്ച സ്കോറിലെത്തിയത്. ആദ്യദിനം ആറ് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സെടുത്ത ഇന്ത്യ രണ്ടാം ദിനം അശ്വിന്‍റെ അര്‍ധസെഞ്ചുറിയുടെയും കുല്‍ദീപ് യാദവിന്‍റെ ബാറ്റിംഗിന്‍റെയും മികവില്‍ രണ്ടാം ദിനം ലഞ്ചിന് ശേഷം 404 റണ്‍സെടുത്ത് പുറത്തായി.
