Asianet News MalayalamAsianet News Malayalam

അഫ്രീദി എറിഞ്ഞു വീഴ്ത്തി, മെഹമ്മദുള്ള വിട്ടുകൊടുത്തു; ബംഗ്ലാ നായകന്‍റെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന് കൈയടി

എന്നാല്‍ അപ്പീല്‍ ചെയ്യാനോ, വിജയാഘോഷം നടത്താനോ നില്‍ക്കാതെ അമ്പയറും കളിക്കാരുമായി ചെറിയൊരു ചര്‍ച്ച നടത്തി മഹമ്മദുള്ള അവസാന പന്ത് വീണ്ടുമെറിയാനായി തിരികെ നടന്നു. നവാസ് ബൗള്‍ഡായ പന്ത് അമ്പയര്‍ ഡെഡ് ബോള്‍ വിളിക്കുകയും മഹമ്മദുള്ള വീണ്ടുമെറിഞ്ഞ അവസാന പന്ത് ബൗണ്ടറി കടത്തി നവാസ് പാക്കിസ്ഥാനെ ജയത്തിലേക്ക് നയിക്കുകയും ചെയ്തു.

Bangladesh vs Pakistan:Bangladesh captain Mahmudullah's sportsmanship in final-ball defeat win hearts
Author
Dhaka, First Published Nov 23, 2021, 7:20 PM IST

ധാക്ക: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരവും ജയിച്ച് പാക്കിസ്ഥാന്‍(BAN v PAK) മൂന്ന് മത്സര പരമ്പര തൂത്തുവാരിയെങ്കിലും ആരാധകരിപ്പോള്‍ പ്രശംസിക്കുന്നത് ബംഗ്ലാദേശ് നായകന്‍റെ മെഹമ്മദുള്ളയുടെ((Mahmudullah) ) സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിനെയാണ്. ആവേശം അവസാന പന്തു വരെ നീണ്ട പോരാട്ടത്തിലായിരുന്നു പാക്കിസ്ഥാന്‍റെ ജയം.

അവസാന ഓവറില്‍ എട്ട് വിക്കറ്റ് കൈയിലിരിക്കെ പാക്കിസഥാന് ജയിക്കാന്‍ എട്ട് റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ക്യാപ്റ്റന്‍ മെഹമ്മദുള്ള എറിഞ്ഞ ആദ്യ പന്തില്‍ സര്‍ഫ്രാസ് അഹമ്മദിന്(Sarfaraz Ahmed)റണ്ണെടുക്കാനായില്ല. അടുത്ത പന്തില്‍ നയീമിന് ക്യാച്ച് നല്‍കി സര്‍ഫ്രാസ് പുറത്ത്.

മൂന്നാം പന്തില്‍ ഹൈദര്‍ അലി(Haider Ali) ഷാന്‍റോക്ക് ക്യാച്ച് നല്‍കി പുറത്ത്. മെഹമ്മദുള്ളയുടെ നാലാം പന്തില്‍ ഇഫ്തിക്കര്‍ അഹമ്മദ്(Iftikhar Ahmed) സിക്സിന് പറത്തി പാക്കിസ്ഥാനെ ജയത്തിന് തൊട്ടരികിലെത്തിച്ചു. എന്നാല്‍ അഞ്ചാം പന്തില്‍ ഇഫ്തിക്കറും പുറത്ത്. ഇതോടെ അവസാന പന്തില്‍ പാക്കിസ്ഥാന് ജയത്തിലേക്ക് രണ്ടു റണ്‍സ് വേണമെന്നായി. അവസാന പന്ത് നേരിട്ട മുഹമ്മദ് നവാസ്(Mohammad Nawaz) മെഹമ്മദുള്ള പന്ത് കൈവിട്ടശേഷം അവസാന സെക്കന്‍ഡില്‍ മാറി നിന്നതോടെ ബൗള്‍ഡായി.

എന്നാല്‍ അപ്പീല്‍ ചെയ്യാനോ, വിജയാഘോഷം നടത്താനോ നില്‍ക്കാതെ അമ്പയറും കളിക്കാരുമായി ചെറിയൊരു ചര്‍ച്ച നടത്തി മെഹമ്മദുള്ള അവസാന പന്ത് വീണ്ടുമെറിയാനായി തിരികെ നടന്നു. നവാസ് ബൗള്‍ഡായ പന്ത് അമ്പയര്‍ ഡെഡ് ബോള്‍ വിളിക്കുകയും മെഹമ്മദുള്ള വീണ്ടുമെറിഞ്ഞ അവസാന പന്ത് ബൗണ്ടറി കടത്തി നവാസ് പാക്കിസ്ഥാനെ ജയത്തിലേക്ക് നയിക്കുകയും ചെയ്തു.

അമ്പയറുമായി സംസാരിച്ചപ്പോള്‍ ബാറ്റര്‍ അവസാന നിമിഷം മാറിയതിനാല്‍ അത് ഡെഡ് ബോള്‍ വിളിക്കാമെന്ന് പറഞ്ഞുവെന്നും ഒരു എതിര്‍പ്പുമില്ലാതെ അനുസരിക്കുകയായിരുന്നുവെന്നും മത്സരശേഷം മെഹമ്മദുള്ള പറഞ്ഞു. തോല്‍വി നിര്‍ഭാഗ്യകരമായിരുന്നെങ്കിലും ഇതെല്ലാം കളിയുടെ ഭാഗമായി കാണുന്നുവെന്നും മെഹമ്മദുള്ള പറഞ്ഞു.

എന്നാല്‍ എന്തുകൊണ്ടാണ് അവസാന നിമിഷം പിന്‍മാറിയതെന്ന ചോദ്യത്തിന് മെഹമ്മദുള്ള പന്ത് കൈയില്‍ നിന്ന് വിട്ടസമയം താന്‍ താഴേക്ക് നോക്കിനില്‍ക്കുകയായിരുന്നുവെന്നും അതിനാലാണ് അവസാന സെക്കന്‍ഡില്‍ മാറി നിന്നതെന്നും നവാസ് വ്യക്തമാക്കി.

അഫ്രീദി കണ്ടു പഠിക്കണം

ബംഗ്ലാദേശിനെതിരായ രണ്ടാം ടി20 മത്സരത്തിനിടെ ബംഗ്ലാ ബാറ്റർ അഫീഫ് ഹുസൈനെ പാകിസ്ഥാൻ പേസർ ഷഹീന്‍ അഫ്രീദി എറിഞ്ഞിട്ടത് വിവാദമായിരുന്നു.ബംഗ്ലാദേശ് ഇന്നിംഗ്സിന്‍റെ മൂന്നാം ഓവറിൽ ഷഹീൻ അഫ്രീദിയുടെ പന്തിൽ അഫീഫ് സിക്സർ നേടിയിരുന്നു. തൊട്ടടുത്ത പന്ത് പ്രതിരോധിച്ചിട്ട താരം റണ്ണിന് ശ്രമിക്കാതെ ക്രീസിൽ നിൽക്കുമ്പോള്‍ പന്തെടുത്ത അഫ്രീദി അഫീഫിന്‍റെ ദേഹത്തേക്ക് എറിയുകയായിരുന്നു. പന്ത് ദേഹത്തുകൊണ്ട അഫീഫ് നിലത്തുവീഴുകയും ചെയ്തു. സംഭവത്തില്‍ അഫ്രീദിയെ ഐസിസി താക്കീത് ചെയ്യുകയും മാച്ച് ഫീയുടെ 15 ശതമാനം പിഴചുമത്തുകയും ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios