ധാക്ക: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിലും തകര്‍പ്പന്‍ ജയം നേടിയ ബംഗ്ലാദേശ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ 2-0ന്‍റെ ലീഡെടുത്തു. രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസിനെ 43.4 ഓവറില്‍ 148 റണ്‍സിന് പുറത്താക്കിയ ബംഗ്ലാദേശ് 33.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

അര്‍ധസെഞ്ചുറി നേടിയ തമീം ഇഖ്ബാലും(50), പുറത്താകാതെ 43 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസനുമാണ് ബംഗ്ലാദേശിന്‍റെ വിജയം അനായാസമാക്കിയത്. ഓപ്പണര്‍ ലിറ്റണ്‍ ദാസ് 22 റണ്‍സെടുത്തു. നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിനെ നാലു വിക്കറ്റെടുത്ത മെഹ്ദി ഹസനാണ് എറിഞ്ഞിട്ടത്.

88/8ലേക്ക് കൂപ്പുകുത്തിയ വിന്‍ഡീസിനെ റോവ്മാന്‍ പവലും(41), ബോണറും(20), അല്‍സാരി ജോസഫും(17) ചേര്‍ന്നാണ് 100 കടത്തിയത്. ബംഗ്ലാദേശിനായി മെഹ്ദി ഹസന്‍ 25 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തപ്പോള്‍ മുസ്തഫിസുര്‍ റഹ്മാനും ഷാക്കിബ് അല്‍ ഹസനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.