ജൊഹന്നാസ്ബര്‍ഗ്: അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ എതിരാളികള്‍ ആരെന്ന് ഇന്നറിയാം. രണ്ടാം സെമിഫൈനലില്‍ ന്യൂസിലന്‍ഡ് ഇന്ന് ബംഗ്ലാദേശിനെ നേരിടും. ഈ മത്സര വിജയികളെയാണ് ഇന്ത്യ ഫൈനലില്‍ നേരിടുക. ഞായറാഴ്ചയാണ് ഫൈനല്‍. ആതിഥേയരായ ദക്ഷിണഫ്രിക്കയെ തകര്‍ത്താണ് ബംഗ്ലാദേശിന്റെ വരവ്. ന്യൂസിലന്‍ഡാവട്ടെ കിരീടപ്രതീക്ഷയുമായെത്തിയ വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 104 റണ്‍സിനായിരുന്നു ബംഗ്ലാദേശിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 261 റണ്‍സ് നേടി. മറുപടി ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 157ന് എല്ലാവരും പുറത്താവുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ട് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയമാണ് ന്യൂസിലന്‍ഡ് സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിന്‍ഡീസ് 238ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ കിവീസ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഒമ്പതാം വിക്കറ്റില്‍ ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക്- ജോയ് ഫീല്‍ഡ് സഖ്യത്തിന്റെ 86 റണ്‍സ് കൂട്ടുകെട്ടാണ് കിവീസിന് ജയം സമ്മാനിച്ചത്.

പാകിസ്ഥാനെ പത്ത് വിക്കറ്റിന് തകര്‍ത്താണ് നിലവിലെ ചാംപ്യന്മാരായ ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. യശസ്വീ ജയ്‌സ്വാളിന്റെ സെഞ്ച്വറിയുടെ മികവിലായിരുന്നു ഇന്ത്യയുടെ ജയം. അണ്ടര്‍ 19 ലോകകപ്പില്‍ ഏഴാം തവണയാണ് ഇന്ത്യ ഫൈനലില്‍ എത്തുന്നത്.