കൊളംബൊ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ബംഗ്ലാദേശ് ബാറ്റിങ് ആരംഭിച്ചു. ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ തമീം ഇഖ്ബാല്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ന് ജയിച്ചാല്‍ ശ്രീലങ്കയ്ക്ക് പരമ്പര സ്വന്തമാക്കാം.

ആദ്യമത്സരം ശ്രീലങ്ക വിജയിച്ചിരുന്നു. പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബംഗ്ലാദേശ് നാലോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ബംഗ്ലാദേശ് 18 റണ്‍സെടുത്തിട്ടുണ്ട്. 

ഒരു മാറ്റത്തോടെയാണ് ബംഗ്ലാദേശ് ഇറങ്ങിയത്. റൂബെല്‍ ഹുസൈന് പകരം തയ്ജുല്‍ ഇസ്ലാം ടീമിലെത്തി. ലങ്കന്‍ നിരയില്‍ രണ്ട് മാറ്റങ്ങളുണ്ട്. അഖില ധനഞ്ജയ, ഇസുരു ഉഡാന എന്നിവര്‍ ടീമിലെത്തി. തിസാര പെരേര പുറത്തിരിക്കും. കഴിഞ്ഞ മത്സരത്തോടെ വിരമിച്ച ലസിത് മലിംഗയ്ക്ക് പകരമാണ് ഉഡാന ടീമിലെത്തിയത്.