Asianet News MalayalamAsianet News Malayalam

BANvPAK : വീണ്ടും ആബിദ് അലി; ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന് ജയം

രണ്ടാം ഇന്നിംഗ്‌സില്‍ ജയിക്കാന്‍ 203 റണ്‍സാണ് പാകിസ്ഥാന് വേണ്ടിയിരുന്നത്. കേവലം രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ പാകിസ്ഥാന്‍ വിജയം പൂര്‍ത്തിയാക്കി. ആബിദിന് പുറമെ അബ്ദുള്ള ഷെഫീഖും (73) പാക് നിരയില്‍ തിളങ്ങി.

BANvPAK Pakistan won over Bangladesh in Chattogram Test
Author
Chattogram, First Published Nov 30, 2021, 3:27 PM IST

ചറ്റോഗ്രാം: ബംഗ്ലാദേശിനെതിരായ (Bangladesh) ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന് (Pakistan) ജയം. ചറ്റോഗ്രാം സഹൂര്‍ അഹമ്മദ് ചൗധരി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ ജയമാണ്് സന്ദര്‍ശകര്‍ സ്വന്തമാക്കിയത്. സ്‌കോര്‍: ബംഗ്ലാദേശ് 330 & 157, പാകിസ്ഥാന്‍ 286 & 203/2.  ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചറിയും (133) രണ്ടാം ഇന്നിംഗിസില്‍ അര്‍ധ സെഞ്ചുറിയും (91) നേടിയ പാക് ഓപ്പണര്‍ ആബിദ് അലിയാണ് (Abid Ali) മാന്‍ ഓഫ് ദ മാച്ച്. 

രണ്ടാം ഇന്നിംഗ്‌സില്‍ ജയിക്കാന്‍ 203 റണ്‍സാണ് പാകിസ്ഥാന് വേണ്ടിയിരുന്നത്. കേവലം രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ പാകിസ്ഥാന്‍ വിജയം പൂര്‍ത്തിയാക്കി. ആബിദിന് പുറമെ അബ്ദുള്ള ഷെഫീഖും (73) പാക് നിരയില്‍ തിളങ്ങി. അസര്‍ അലി (24), ബാബര്‍ അസം (13) എന്നിവര്‍ പുറത്താവാതെ നിന്നു. നേരത്തെ ബംഗ്ലാദേശിനെ രണ്ടാം ഇന്നിംഗ്‌സില്‍ പാകിസ്ഥാന്‍ 157 റണ്‍സിന് പുറത്താക്കിയിരുന്നു. 59 റണ്‍സെടുത്ത ലിറ്റണ്‍ ദാസ് മാത്രമാണ് തിളങ്ങിയത്. ഷഹീന്‍ അഫ്രീദി അഞ്ചും സാജിദ് ഖാന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി.

ഒന്നാം ഇന്നിംഗ്‌സില്‍ ബംഗ്ലാദേശ് 44 റണ്‍സ് ലീഡ് നേടിയിരുന്നു. ലിറ്റണ്‍ ദാസ് (114), മുഷ്ഫിഖുര്‍ റഹീം (91) എന്നിവരാണ് തിളങ്ങിയത്. ഹാസന്‍ അലി  പാകിസ്ഥാനായി അഞ്ച് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 286ന് പുറത്തായി. ആബിദിനെ കൂടാതെ ഷഫീഖ് (52) മാത്രമാണ് തിളങ്ങിയത്. തയ്ജുല്‍ ഇസ്ലാം ബംഗ്ലാദേശിനായി ഏഴ് വിക്കറ്റ് വീഴ്ത്തി. 

എന്നാല്‍ ആദ്യ ഇന്നിംഗ്‌സിലെ മികവ് നിലനിര്‍ത്താന്‍ ബംഗ്ലാദേശ് ബൗളര്‍മാര്‍ക്കായില്ല. പരമ്പരയില്‍ രണ്ട് ടെസ്റ്റുകളാണുള്ളത്. രണ്ടാം ടെസ്റ്റ് ഡിസംബര്‍ നാലിന് ധാക്ക ഷേര്‍ ബംഗ്ലാ സ്റ്റേഡിയത്തില്‍ ആരംഭിക്കും.

Follow Us:
Download App:
  • android
  • ios