ബാഴ്‌സലോണ: ലാ ലിഗയില്‍ ബാഴ്‌സലോണ ഇന്നിറങ്ങും. സീസണിലെ ഒന്‍പതാം മത്സരത്തില്‍ ഒസാസുന ആണ് ബാഴ്‌സയുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം വൈകീട്ട് 6.30നാണ് മത്സരം. എട്ട് മത്സരങ്ങളില്‍ 11 പോയിന്റ് മാത്രമുള്ള ബാഴ്‌സലോണ 13ആം സ്ഥാനത്താണ്. ഇത്രയും പോയിന്റുള്ള ഒസാസുന ബാഴ്‌സയേക്കാള്‍ ഒരുപടി മുന്നിലാണ്. മൂന്ന് കളി മാത്രമാണ് സീസണില്‍ ബാഴ്‌സയ്ക്ക് ജയിക്കാന്‍ കഴിഞ്ഞത്. ചാംപ്യന്‍സ് ലീഗ് മത്സരത്തില്‍ വിശ്രമം ലഭിച്ച ലിയോണല്‍ മെസ്സി ബാഴ്‌സ നിരയിലേക്ക് തിരിച്ചെത്തിയേക്കും. ഫുട്‌ബോള്‍ ഇതിഹാസം മറഡോണയ്ക്ക് മികച്ച പ്രകടനത്തിലൂടെ അര്‍ഹമായ ആദരം നല്‍കാന്‍ ബാഴ്‌സലോണയ്ക്ക് കഴിയണമെന്നാണ് പരിശീലകന്‍ റൊണാള്‍ഡ് കൂമാന്‍ പറയുന്നത്. മുന്‍ ബാഴ്‌സ താരം കൂടിയാണ് മറഡോണ.

അതേസമയം നിലവിലെ ചാംപ്യന്മാരായ റയല്‍ മാഡ്രിഡിന് തോല്‍വി പിണഞ്ഞു. അലാവസിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയല്‍ പരാജയപ്പെട്ടത്. അഞ്ചാം മിനുറ്റില്‍ പെരിസിലൂടെയാണ് അലാവസ് റയലിന് ആദ്യപ്രഹരം നല്‍കിയത്. 49ാം മിനിറ്റില്‍ ജൊസേലുവും ഗോള്‍ നേടി. 86ാം മിനിറ്റില്‍ കാസ്മിറോയാണ് റയിലിന്റ ആശ്വാസ ഗോള്‍ നേടിയത്. 10 കളികളില്‍ നിന്ന് 17 പോയന്റുള്ള റയല്‍ നാലാം സ്ഥാനത്താണ്. 

എന്നാല്‍ അത്‌ലറ്റികോ മാഡ്രിഡ് ജയം നേടി. വലന്‍സിയയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് അത്‌ലറ്റികോ വീഴ്ത്തിയത്. 79ആം മിനിറ്റില്‍ വലന്‍സിയ താരം ടോണി ലാറ്റോ വഴങ്ങിയ സെല്‍ഫ് ഗോളാണ് നിര്‍ണായകമായത്. ഒമ്പത് മത്സരങ്ങളില്‍ 23 പോയിന്റുമായി അത്‌ലറ്റികോ രണ്ടാം സ്ഥാനത്താണ്. 10 കളിയില്‍ 23 പോയിന്റുള്ള റയല്‍ സോസിഡാഡാണ് ഒന്നാമത്. സൊസിഡാഡ് നാളെ പുലര്‍ച്ചെ വിയ്യാറയലിനെ നേരിടും. 10 മത്സരങ്ങളില്‍ 17 പോയിന്റുള്ള റയല്‍ നാലാം സ്ഥാനത്താണ്.