മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്‌മാന്‍ സ്റ്റീവ് സ്‌മിത്ത് ഒരു പുറത്താകലില്‍ നിന്ന് ഭാഗ്യംകൊണ്ട് രക്ഷപെട്ടതാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുന്നത്. ബിഗ്‌ബാഷ് ടി20 ലീഗില്‍ സിഡ്‌നി സിക്‌സേര്‍സ്-മെല്‍ബണ്‍ സ്റ്റാര്‍സ് മത്സരത്തിലായിരുന്നു ഭാഗ്യത്തിന്‍റെ ഈ തീക്കളി. 

സിഡ്‌നി സിക്‌സേര്‍സ് ഇന്നിംഗ്‌സില്‍ എട്ടാം ഓവറില്‍ പന്തെറിയുന്നത് മെല്‍ബണിന്‍റെ പാക് പേസര്‍ ഹാരിസ് റൗഫ്. നാലാം പന്തിന്‍റെ റൗഫിന്‍റെ ബൗണ്‍സറില്‍ ബാക്ക്‌ഫൂട്ടില്‍ ഒഴിഞ്ഞുമാറാനുള്ള ശ്രമത്തിനിടെ സ്റ്റീവ് സ്‌‌മിത്തിന്‍റെ ബെയ്‌ല്‍സ് തെറിച്ചു. സ്‌മിത്ത് ഹിറ്റ് വിക്കറ്റായി എന്നുകരുതി റൗഫും സഹതാരങ്ങളും ആഘോഷം തുടങ്ങി. എന്നാല്‍ ടിവി റിപ്ലേയില്‍ മൂന്നാം അംപയറുടെ തീരുമാനം മറ്റൊന്നായിരുന്നു. 

സ്‌മിത്തിന്‍റെ ബെയ്‌ല്‍സ് വീണു എന്നത് സത്യംതന്നെ. എന്നാല്‍ പെട്ടെന്നുണ്ടായ കാറ്റിലാണ് ബെയ്‌ല്‍സ് ഇളകിയത് എന്നുമാത്രം. ബെയ്‌ല്‍സ് ഇളകുമ്പോള്‍ സ്‌മിത്തിന്‍റെ കൈ സ്റ്റംപില്‍ നിന്ന് ഇഞ്ചുകളുടെ വ്യത്യാസത്തിലായിരുന്നു എന്ന് മൂന്നാം അംപയര്‍ കണ്ടെത്തി. ഇതിന്‍റെ വീഡിയോ ബിഗ്‌ബാഷ് അധികൃതര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. 

പുറത്താകാതെ രക്ഷപെട്ടെങ്കിലും ഓസീസ് മുന്‍ നായകന് കാര്യമായ സ്‌കോര്‍ കണ്ടെത്താനായില്ല. 18 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 24 റണ്‍സെടുത്ത താരം സ്‌പിന്നര്‍ ആദം സാംപയുടെ പന്തില്‍ 13-ാം ഓവറില്‍ പുറത്തായി. എങ്കിലും മാര്‍ക്കസ് സ്റ്റോയിനിസിനെതിരെ സ്‌മിത്ത് നേടിയ സ്‌ട്രൈറ്റ് സിക്‌സര്‍ ശ്രദ്ധിക്കപ്പെട്ടു. ഇതിന്‍റെ ദൃശ്യവും ബിഗ്‌ ബാഷ് ട്വീറ്റ് ചെയ്തിട്ടുണ്ട്.