സിഡ്നി: ബിഗ് ബാഷ് ലീഗില്‍ മാത്യു വെയ്ഡ് എടുത്ത അസാധാരണ ക്യാച്ചിനെതിരെ ആരാധകര്‍. ഹൊബാര്‍ട്ട് ഹറിക്കേന്‍സ് താരമായ വെയ്ഡിനെ പുറത്താക്കാനായി മാറ്റ് റെന്‍ഷായും ടോം ബാന്റണും ചേര്‍ന്നാണ് ബൗണ്ടറിയില്‍ അസാധാരണ ക്യാച്ചെടുത്തത്.

ലോംഗ് ഓണ്‍ ബൗണ്ടറിയിലേക്ക് വെയ്ഡ് ഉയര്‍ത്തി അടിച്ച പന്ത് റെന്‍ഷാ കൈയിലൊതുക്കിയെങ്കിലും നിയന്ത്രണം നഷ്ടമായപ്പോള്‍ പന്ത് വായുവിലേക്ക് എറിഞ്ഞ് റെന്‍ഷാ ബൗണ്ടറി ലൈനിന് പുറത്ത് പോയി. വായുവില്‍ ഉയര്‍ന്ന പന്ത് ബൗണ്ടറി ലൈനിന് പുറത്ത് വീഴാനൊരുങ്ങിയപ്പോള്‍ വായുവില്‍ ഉയര്‍ന്ന് കൈകൊണ്ട് ബൗണ്ടറി ലൈനിന് അകത്തുള്ള ടോം ബാന്റണ് തട്ടിക്കൊടുത്തു.

ബാന്റണ്‍ പന്ത് കൈയിലൊതുക്കുകയും വെയ്ഡ് പുറത്താവുകയും ചെയ്തു. 46 പന്തില്‍ 61 റണ്‍സ് അടിച്ച് വെയ്ഡ് മികച്ച ഫോമിലായിരുന്നു. എന്നാല്‍ ഇത്തരം പുറത്താകലുകള്‍ നിയമപരമായി അനുവദിക്കരുതെന്ന ആവശ്യവുമായി ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിട്ടുണ്ട്.