സിഡ്‌നി: ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ടി20 ലീഗില്‍ വീണ്ടും സിക്‌സര്‍ മഴ. ലിയോ കാര്‍ട്ടറിന്‍റെ ആറ് സിക്‌സുകള്‍ക്ക് പിന്നാലെ ബ്രിസ്‌ബേന്‍ ഹിറ്റ്‌സ് ഓപ്പണര്‍ ടോം ബാന്‍റണ്‍ ആണ് ഒരോവറില്‍ തുടര്‍ച്ചയായി അഞ്ച് സിക്‌സുമായി അമ്പരപ്പിച്ചിരിക്കുന്നത്. ഐപിഎല്‍ താരലേലത്തില്‍ അടുത്തിടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയ താരമാണ് ബാന്‍റണ്‍. മലയാളി വംശജനായ സ്‌പിന്നര്‍ അര്‍ജുന്‍ നായര്‍ക്കെതിരെയാണ് ബാന്‍റണ്‍ വെടിക്കെട്ട് പുറത്തെടുത്തത്. 

ഒരു ഓവറില്‍ അഞ്ച് സിക്‌സുകള്‍, വെറും 16 പന്തില്‍ ബിഗ് ബാഷ് ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ അര്‍ധ സെഞ്ചുറി...ഐപിഎല്‍ താരലേലത്തില്‍ ഒരു കോടി രൂപയ്‌ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയ താരം മിന്നും ഫോമിലായിരുന്നു. ഹീറ്റ്‌സ് ഇന്നിംഗ്‌സില്‍ മലയാളി വംശജന്‍ അര്‍ജുന്‍ നായര്‍ക്കെതിരെ നാലാം ഓവറിലായിരുന്നു ഓപ്പണിംഗ് ബാറ്റ്സ്‌മാനായ ബാന്‍റണിന്‍റെ വെടിക്കെട്ട്. ക്രിസ് ട്രെമൈന്‍ പുറത്താക്കുമ്പോള്‍ ബാന്‍റണ്‍ 19 പന്തില്‍ രണ്ട് ഫോറും ഏഴ് സിക്‌സും അടക്കം 56 റണ്‍സെടുത്തിരുന്നു. 

ബാന്‍റണ്‍ വെടിക്കെട്ടില്‍ സിഡ്‌നി തണ്ടേഴ്‌സിനെതിരെ ഹീറ്റ്‌സ് എട്ട് ഓവറില്‍ നാല് വിക്കറ്റിന് 119 റണ്‍സാണ് നേടിയത്. ബ്രാണ്ടണിന്‍റെ സഹ ഓപ്പണര്‍ ക്രിസ് ലിന്‍ 13 പന്തില്‍ 31 റണ്‍സെടുത്തു. മത്സരം മഴനിയമപ്രകാരം 16 റണ്‍സിന് ബ്രിസ്‌ബേന്‍ ഹീറ്റ്സ്‌ വിജയിച്ചു. ടോം ബാന്‍റണ്‍ ആണ് മാന്‍ ഓഫ് ദ് മാച്ച്. എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ 30 റണ്‍സ് വഴങ്ങിയ അര്‍ജുന്‍ നായര്‍ക്ക് പിന്നീട് പന്തെറിയാന്‍ അവസരം ലഭിച്ചില്ല. ആഭ്യന്തര ലീഗില്‍ ന്യൂ സൗത്ത് വെയ്‌ല്‍സിനായി കളിച്ചിട്ടുണ്ട് അര്‍ജുന്‍ നായര്‍.