ബിസിസിഐ (BCCI) ഇക്കാര്യത്തില്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായി. 10 താരങ്ങളെ കൂടി മെഗാ താരലേലത്തില്‍ ഉള്‍പ്പെടുത്തി. ഇതോടെ താരലേലത്തിലെ താരങ്ങളുടെ എണ്ണം 600 ആയി. അണ്ടര്‍ 19 താരങ്ങളെ പങ്കെടുക്കാമെന്നുള്ള കാര്യം ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ സ്ഥിരീകരിച്ചു.
മുംബൈ: അണ്ടര്‍ 19 ലോകകപ്പില്‍ (U19 World Cup) ഇന്ത്യയെ ജേതാക്കളാക്കിയ താരങ്ങള്‍ക്ക് ഐപിഎല്‍ താരലേലത്തില്‍ (IPL Mega Auction) പങ്കെടുക്കാം. നേരത്തെ ഇവര്‍ക്ക് ഐപിഎല്ലില്‍ പങ്കെടുക്കാനാവില്ലെന്ന ചട്ടമുണ്ടായിരുന്നു. എന്നാല്‍ ബിസിസിഐ (BCCI) ഇക്കാര്യത്തില്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായി. 10 താരങ്ങളെ കൂടി മെഗാ താരലേലത്തില്‍ ഉള്‍പ്പെടുത്തി. ഇതോടെ ലേലത്തിലെ താരങ്ങളുടെ എണ്ണം 600 ആയി. അണ്ടര്‍ 19 താരങ്ങള്‍ക്ക് പങ്കെടുക്കാമെന്നുള്ള കാര്യം ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ സ്ഥിരീകരിച്ചു.
എന്നാല്‍ 10 താരങ്ങളുടെ പേര് പുറത്തുവിട്ടിട്ടില്ല. നേരത്തെ, ടീമിലെ വൈസ് ക്യാപ്റ്റന്‍ ഷായിക് റഷീദ്, ഇടംകൈയന്‍ പേസ് ബൗളര്‍ രവി കുമാര്‍, ഓള്‍റൗണ്ടര്‍മാരായ നിഷാന്ത് സിന്ധു, സിദ്ധാര്‍ഥ് യാദവ്, ഓപ്പണര്‍ ആംഗ്രിഷ് രഘുവംശി, മാനവ് പരാഖ്, ഗര്‍വ് സാങ്വാന്‍, ദിനേഷ് ബന എന്നിവര്‍ക്ക് ഐപിഎല്‍ കളിക്കാനാവില്ലെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഐപിഎല്ലിന്റെ ഭാഗമാവാനുള്ള കുറഞ്ഞ പ്രായപരിധി 19 വയസാണ്. ലേലത്തിനു മുമ്പ് 19 വയസ് പൂര്‍ത്തിയാകുന്ന താരങ്ങള്‍ക്ക് മാത്രമേ ടൂര്‍ണമെന്റിന്‍രെ ഭാഗമാകാനാകൂ.
ഇതോടെയാണ് ലോകകപ്പ് ടീമിലെ പലരുടേയും ഐപിഎല്‍ പങ്കാളിത്തം കുരുക്കിലായത്. മറ്റൊരു സാധ്യതയുണ്ടായിരുന്നത് ഇതിനകം ഒരു ഫസ്റ്റ് ക്ലാസ് മത്സരമോ ലിസ്റ്റ് എ മത്സരമോ എങ്കിലും കളിച്ചിരിക്കണമെന്നുള്ളതാണ്. എന്നാല്‍ അണ്ടര്‍ 19 താരങ്ങളാരുതന്നെ ഈ മത്സരങ്ങള്‍ കളിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ അണ്ടര്‍ 19 താരങ്ങളുടെ കാര്യം ചര്‍ച്ച ചെയ്യുകയും ലേലത്തില്‍ പങ്കെടുക്കാന്‍ സമ്മതം മൂളുകയുമായിരുന്നു.
കോവിഡ് കാരണം കഴിഞ്ഞ രണ്ടു വര്‍ഷമായി ആഭ്യന്തര ടൂര്‍ണമെന്റുകള്‍ നടക്കുന്നില്ല എന്ന വസ്തുതയും ബിസിസിഐ കണക്കിലെടുത്തു.
