വാംഖഢെയില്‍ മാര്‍ച്ച് 26ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തോടെയാണ് ഐപിഎല്ലിന് തിരശ്ശീല ഉയരുക
മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ (IPL 2022) സ്റ്റേഡിയങ്ങളില്‍ 25 ശതമാനം കാണികള്‍ക്ക് പ്രവേശനം. മുംബൈ, നവി മുംബൈ, പുനെ എന്നിവിടങ്ങളിലെ മൂന്ന് വേദികളിലായാണ് ലീഗ് ഘട്ടത്തിലെ 70 മത്സരങ്ങള്‍ നടക്കുന്നത്. മത്സരക്രമം ബിസിസിഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വാംഖഢെയില്‍ മാര്‍ച്ച് 26ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (CSK vs KKR) മത്സരത്തോടെയാണ് ഐപിഎല്ലിന് തിരശ്ശീല ഉയരുക.
ഐപിഎല്‍ മത്സരങ്ങളുടെ ടിക്കറ്റ് വില്‍പന ഇന്ന് ആരംഭിച്ചിട്ടുണ്ട്. www.iplt20.com എന്ന ഓദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ടിക്കറ്റ് വില്‍പന. കൊവിഡ് പ്രോട്ടോക്കോളുകള്‍ അനുസരിച്ചാവും കാണികളെ പ്രവേശിക്കുക. വാംഖഢെ, ഡിവൈ പാട്ടീല്‍ എന്നിവിടങ്ങളിലായി 20 മത്സരങ്ങള്‍ വീതവും ബ്രബോണിലും മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലുമായി 15 കളികള്‍ വീതവുമാണ് നടക്കുക.
ചെന്നൈക്ക് കനത്ത തിരിച്ചടി
ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തിരിച്ചടികളുടെ വാര്‍ത്തയാണ് വരുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ഉദ്‌ഘാടന മത്സരത്തില്‍ മൂന്ന് പ്രധാന താരങ്ങളുടെ സേവനമുണ്ടാകില്ല. മൊയീൻ അലി, ദീപക് ചാഹർ, ഡ്വെയ്ൻ പ്രിട്ടോറിയസ് എന്നിവർക്കാണ് സീസണിലെ ആദ്യ മത്സരം നഷ്‌ടമാവുക. ഇംഗ്ലണ്ട് ഓൾറൗണ്ടറായ മോയിൻ അലിക്ക് ഇന്ത്യയിലേക്കുള്ള വീസ ഇതുവരെ കിട്ടിയിട്ടില്ല. കഴിഞ്ഞ സീസണൊടുവിൽ 8 കോടി രൂപ മുടക്കിയാണു ചെന്നൈ മോയിൻ അലിയെ നിലനിർത്തിയത്. ദക്ഷിണാഫ്രിക്കൻ താരം പ്രിട്ടോറിയസ് ആദ്യ മത്സരസമയത്ത് ക്വാറന്‍റീനിലായിരിക്കും. പേസര്‍ ദീപക് ചാഹറാവട്ടെ പരിക്കിൽ നിന്ന് മോചിതനായിട്ടില്ല.
ദീപക്കിന് എപ്പോള്‍ കളിക്കാനാകും?
മെഗാതാരലേലത്തില്‍ 14 കോടി മുടക്കി ചെന്നൈ സ്വന്തമാക്കിയ താരമാണ് ദീപക് ചാഹര്‍. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ഫിറ്റ്‌നസ് ക്ലിയറന്‍സ് താരത്തിന് ലഭിച്ചിട്ടില്ല. ദീപകിന് എപ്പോള്‍ കളിക്കാനാകും എന്നറിയാന്‍ കാത്തിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. 2018ലാണ് ദീപക് ചാഹര്‍ ആദ്യമായി ചെന്നൈയുടെ ഭാഗമായത്. നാല് വര്‍ഷത്തിനിടെ രണ്ട് കിരീടങ്ങള്‍ സിഎസ്‌കെയ്‌ക്കൊപ്പം നേടി. 58 വിക്കറ്റുകളാണ് ചെന്നൈ ജേഴ്സിയില്‍ താരം പേരിലാക്കിയത്.
