Asianet News MalayalamAsianet News Malayalam

വനിതാ പ്രീമിയര്‍ ലീഗ് ടീമുകളെ പ്രഖ്യാപിച്ചു; അഞ്ച് ഫ്രാഞ്ചൈസികള്‍ വിറ്റുപോയത് 4669.99 കോടി രൂപയ്ക്ക്!

അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു, ദില്ലി, ലഖ്‌നൗ എന്നീ നഗരങ്ങളാണ് അഞ്ച് ടീമുകളെ സ്വന്തമാക്കിയത്

BCCI Announces bidders for women premier league cost 4669 99 Cr
Author
First Published Jan 25, 2023, 3:39 PM IST

മുംബൈ: പ്രഥമ വനിതാ ഐപിഎല്‍ ഫ്രാഞ്ചൈസികളെ പ്രഖ്യാപിച്ചു. ആകെ 4669.99 കോടി രൂപയ്ക്കാണ് അഞ്ച് ടീമുകളുടെ ലേലം നടന്നത്. 2008ലെ ആദ്യ പുരുഷ ഐപിഎല്ലിലെ ഫ്രാഞ്ചൈസി ലേലത്തേക്കാള്‍ ഉയര്‍ന്ന തുകയാണിത്. അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു, ദില്ലി, ലഖ്‌നൗ എന്നീ നഗരങ്ങളാണ് അഞ്ച് ടീമുകളെ സ്വന്തമാക്കിയത്. പുരുഷ ഐപിഎല്ലിലെ ടീമുടമകളായ മുംബൈ ഇന്ത്യന്‍സിനും ഡല്‍ഹി ക്യാപിറ്റല്‍സിനും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനുമൊപ്പം അദാനി ഗ്രൂപ്പും കാപ്രി ഗ്ലോബലുമാണ് ടീമുകളെ സ്വന്തമാക്കിയത്. വനിതാ പ്രീമിയര്‍ ലീഗ് എന്നാകും ടൂര്‍ണമെന്‍റ് അറിയപ്പെടുക.

ഏറ്റവും ഉയര്‍ന്ന തുക മുടക്കി അദാനി ഗ്രൂപ്പ്

ലേലത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 1289 കോടി രൂപയ്ക്ക് അഹമ്മദാബാദ് ടീമിനെ അദാനി സ്‌പോര്‍ട്‌സ്‌ലൈന്‍ പ്രൈവറ്റ് ലിമിറ്റഡ് സ്വന്തമാക്കി. 912.99 കോടിക്ക് മുംബൈ ടീമിനെ ഇന്ത്യാവിന്‍ സ്പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് റാഞ്ചി. ബെംഗളൂരു ടീമിനെ റോയല്‍ ചലഞ്ചേഴ്‌സ് സ്പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് 901 കോടിക്കും ദില്ലി ടീമിനെ ജെഎസ്‌ഡബ്ലൂ ജിഎംആര്‍ ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് 810 കോടിക്കും ലഖ്‌നൗ ടീമിനെ കാപ്രി ഗ്ലോബല്‍ ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് 757 കോടി രൂപയ്ക്കും സ്വന്തമാക്കി. വനിതാ പ്രീമിയര്‍ ലീഗ് വലിയ വിപ്ലവമാകുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പ്രതീക്ഷ പ്രകടിപ്പിച്ചു. 

വനിതാ ഐപിഎല്‍ സംപ്രേഷണ അവകാശം വലിയ തുകയ്‌ക്കാണ് വിറ്റുപോയത്. റിലയന്‍സ് ഇന്‍ഡ്സ്ട്രീസിന്‍റെ ഉടമസ്ഥതയിലുള്ള വയാകോം 18 അഞ്ച് വര്‍ഷത്തേക്ക് 951 കോടി രൂപക്ക് വനിതാ ഐപിഎല്‍ സംപ്രേഷണാവകാശം സ്വന്തമാക്കി. 2023-27 കാലയളവില്‍ നടക്കുന്ന വനിതാ ഐപിഎല്ലിലെ ഓരോ മത്സരത്തിനും 7.09 കോടി രൂപയാണ് വയാകോം ബിസിസിഐക്ക് നല്‍കുക. ഡിസ്നി+ ഹോട്സ്റ്റാര്‍, സോണി, സീ എന്നീ ബ്രോഡ്കാസ്റ്റര്‍മാരാണ് വയാകോമിന് ഒപ്പം സംപ്രേഷണവകാശം സ്വന്തമാക്കാനുള്ള മത്സരത്തിലുണ്ടായിരുന്നത്. ഇതാദ്യമായാണ് വനിതാ ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി ബിസിസിഐ സംപ്രേഷണവകാശം ലേലം ചെയ്യുന്നത്. ഇതുവരെ പുരുഷ ഐപിഎല്ലിന്‍റെ ഇടവേളകളില്‍ നടത്തിയിരുന്ന വനിതാ ടി20 ചലഞ്ച് മത്സരങ്ങള്‍ സ്റ്റാര്‍ സ്പോര്‍ട്സ് ആയിരുന്നു സംപ്രേഷണം ചെയ്തിരുന്നത്.

താരങ്ങളുടെ രജിസ്ട്രേഷന്‍ 26 വരെ

ലേലത്തിനായി താരങ്ങള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി ജനുവരി 26 ആണ്. ക്യാപ്‌ഡ്, അണ്‍ക്യാപ്‌ഡ് താരങ്ങള്‍ക്ക് ലേലത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്. ക്യാപ്‌ഡ് താരങ്ങളില്‍ 50 ലക്ഷം രൂപ, 40 ലക്ഷം, 30 ലക്ഷം എന്നിങ്ങനെ അടിസ്ഥാന വിലയിലാണ് ലേലംവിളി തുടങ്ങുക. അണ്‍ ക്യാപ്‌ഡ് താരങ്ങള്‍ക്ക് 20 ലക്ഷം, 10 ലക്ഷം എന്നിങ്ങനെയാണ് അടിസ്ഥാന വില. ആറ് വിദേശ താരങ്ങൾ ഉൾപ്പടെ ഓരോ ടീമിനും പതിനെട്ട് താരങ്ങളെ ടീമിൽ ഉൾപ്പെടുത്താമെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. അഞ്ച് വിദേശ താരങ്ങളെയാണ് ഒരു മത്സരത്തിൽ ടീമിൽ ഉൾപ്പെടുത്താനാവുക. 

Follow Us:
Download App:
  • android
  • ios