ലോകകപ്പില്‍ 15 അംഗ ടീമിനെ ഇതിഹാസ താരം മിതാലി രാജ് നയിക്കും. ഹര്‍മന്‍പ്രീത് കൗറാണ് വൈസ് ക്യാപ്റ്റന്‍.
മുംബൈ: ഐസിസി വനിതാ ലോകകപ്പിനും (ICC Women’s World Cup 2022) ന്യൂസിലന്‍ഡ് പര്യടനത്തിനുമുള്ള (India Women tour of New Zealand 2022) ഇന്ത്യന്‍ ടീമിനെ ബിസിസിഐ (BCCI) പ്രഖ്യാപിച്ചു. ബാറ്റര്‍ ജെമീമ റോഡ്രിഗസ് (Jemimah Rodrigues) സ്‌ക്വാഡിലില്ലാത്തത് അപ്രതീക്ഷിതമായി. ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വനിതാ ടീമിന്‍റെ അവസാന പര്യടനത്തില്‍ വരെ ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു ജെമീമ.
ലോകകപ്പില്‍ 15 അംഗ ടീമിനെ ഇതിഹാസ താരം മിതാലി രാജ് നയിക്കും. ഹര്‍മന്‍പ്രീത് കൗറാണ് വൈസ് ക്യാപ്റ്റന്‍. ശിഖാ പാണ്ഡെയാണ് ടീമിലില്ലാത്ത മറ്റൊരു ശ്രദ്ധേയ താരം. അതേസമയം ഓള്‍റൗണ്ട് മികവ് കൊണ്ട് 2021ല്‍ മികവ് പുലര്‍ത്തിയ സ്‌നേഹ് റാണ സ്ഥാനം നിലനിര്‍ത്തി. വെറ്ററന്‍ താരം ജൂലന്‍ ഗോസ്വാമിയും ഇടംപിടിച്ചു. മൂന്ന് സ്റ്റാന്‍ഡ് ബൈ താരങ്ങളെയും പ്രഖ്യാപിച്ചിട്ടുണ്ട്.
ബേ ഓവലില്‍ മാര്‍ച്ച് ആറിന് പാകിസ്ഥാനെതിരെയാണ് ലോകകപ്പില്‍ ഇന്ത്യന്‍ വനിതകളുടെ ആദ്യ മത്സരം. ന്യൂസിലന്‍ഡിനെ മാര്‍ച്ച് 10നും വെസ്റ്റ് ഇന്‍ഡീസിനെ 12നും ഇംഗ്ലണ്ടിനെ 16നും ഓസ്‌ട്രേലിയയെ 19നും ബംഗ്ലാദേശിനെ 22നും ദക്ഷിണാഫ്രിക്കയെ 27നും ഇന്ത്യന്‍ വനിതകള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ നേരിടും. ഇതിന് മുന്നോടിയായി ന്യൂസിലന്‍ഡില്‍ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യന്‍ ടീം കളിക്കും. ഫെബ്രുവരി 11നാണ് പരമ്പരയ്‌ക്ക് തുടക്കമാവുക.
ഇന്ത്യന്‍ വനിതാ ടീം
മിതാലി രാജ്(ക്യാപ്റ്റന്‍) ഹര്‍മന്‍പ്രീത് കൗര്‍(വൈസ് ക്യാപ്റ്റന്‍), സ്‌മൃതി മന്ദാന, ഷെഫാലി വെര്‍മ, യാസ്‌തിക ഭാട്ട്യ, ദീപ്‌തി ശര്‍മ്മ, റിച്ച ഘോഷ്(വിക്കറ്റ് കീപ്പര്‍), സ്‌നേഹ് റാണ, ജൂലന്‍ ഗോസ്വാമി, പൂജ വസ്‌ത്രാക്കര്‍, മേഘ്‌ന സിംഗ്, രേണുക സിംഗ് ഠാക്കൂര്‍, തനിയാ ഭാട്ട്യ(വിക്കറ്റ് കീപ്പര്‍), രാജേശ്വരി ഗെയ്‌ക്‌വാദ്, പൂനം യാദവ്.
സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: സബിനെനി മേഘാന, ഏക്‌താ ബിഷ്‌ട്, സിമ്രാന്‍ ദില്‍ ബഹദൂര്‍.
SA vs IND : വാണ്ടറേഴ്‌സില്‍ വണ്ടര്‍ പ്രതീക്ഷിച്ച് ഇന്ത്യ, ജയത്തിനരികെ ദക്ഷിണാഫ്രിക്ക
