കളിക്കാര്‍ക്ക് വമ്പന്‍ പാരിതോഷികം നല്‍കുമെന്നും ഏഷ്യാ കപ്പില്‍ ഇന്ത്യ പുറത്തെടുത്ത പ്രകടനത്തില്‍ രാജ്യത്തിനും ബിസിസിഐക്കും അഭിമാനമുണ്ടെന്നും ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ പറഞ്ഞു.

മുംബൈ: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ തോല്‍പിച്ച് കിരീടം നേടിയ ഇന്ത്യൻ ടീമിന് വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. താരങ്ങൾക്കും പരിശീലക സംഘത്തിനുമായി 21 കോടി രൂപയാണ് ബിസിസിഐ സമ്മാനത്തുകയായി പ്രഖ്യാപിച്ചത്. തനിക്ക് കിട്ടിയ മുഴുവൻ മാച്ച് ഫീസും ഇന്ത്യൻ സൈന്യത്തിന് നൽകുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞിരുന്നു.

മൂന്നടി, ഒരു മറുപടിയുമില്ല, ഏഷ്യാ കപ്പില്‍ ഇന്ത്യ ചാമ്പ്യൻമാരായി, വ്യക്തമായ സന്ദേശം നല്‍കി, ഇന്ത്യൻ ടീമിനും സംഘത്തിനും 21 കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിക്കുന്നു എന്നായിരുന്നു ബിസിസിഐ എക്സ് പോസ്റ്റില്‍ വ്യക്തമാക്കിയത്. എന്നാല്‍ കളിക്കാര്‍ക്കും കോച്ചിനും സപ്പോര്‍ട്ട് സ്റ്റാഫിനും എത്ര തുക വീതമായിരിക്കും ലഭിക്കുക എന്ന കാര്യം ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. കളിക്കാര്‍ക്ക് വമ്പന്‍ പാരിതോഷികം നല്‍കുമെന്നും ഏഷ്യാ കപ്പില്‍ ഇന്ത്യ പുറത്തെടുത്ത പ്രകടനത്തില്‍ രാജ്യത്തിനും ബിസിസിഐക്കും അഭിമാനമുണ്ടെന്നും ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ പറഞ്ഞു. ഏഷ്യാ കപ്പില്‍ അപരാജിതരായാണ് ഇന്ത്യ കിരീടം നേടിയത്. ഫൈനലില്‍ അടക്കം മൂന്ന് തവണ പാകിസ്ഥാനെ നേരിട്ടപ്പോള്‍ മൂന്ന് തവണയും ജയിച്ചു കയറി.

Scroll to load tweet…

 വിജയതിലകം ചൂടി ഇന്ത്യ

ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 19.1 ഓവറില്‍ 146 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. പതിമൂന്നാം ഓവറില്‍ 113-2 എന്ന സ്കോറില്‍ നിന്നാണ് പാകിസ്ഥാന്‍ 146 റണ്‍സിന് ഓള്‍ ഔട്ടായത്. 147 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്ക് 20 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. എന്നാല്‍ ആദ്യം സഞ്ജു സാംസണും ചേര്‍ന്നുള്ള അര്‍ധസെഞ്ചുറി കൂട്ടുകെട്ടും പിന്നീട് തിലക് വര്‍മയും ശിവം ദുബെയും ചേര്‍ന്നുള്ള അര്‍ധസെഞ്ചുറി കൂട്ടുകെട്ടുമായിരുന്നു ഇന്ത്യക്ക് ജയമൊരുക്കിയത്. 53 പന്തില്‍ 69 റണ്‍സുമായി പുറത്താകാതെ നിന്ന തിലക് വര്‍മയും 21 പന്തില്‍ 24 റണ്‍സെടുത്ത സഞ്ജു സാംസണും 22 പന്തില്‍ 33 റണ്‍സെടുത്ത ശിവം ദുബെയുമാണ് ഇന്ത്യൻ വിജയത്തില്‍ നിര്‍ണായകമായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക